പാറശാല: നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പാറശാല ചെറുവാരക്കോണത്തെ ആത്മനിലയം നഴ്‌സറി ഇന്ന് അവാർഡിന്റെ തിളക്കത്തിലാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കൊമേഴ്സ്യൽ നഴ്സറി വിഭാഗത്തിനുള്ള ഒരു ലക്ഷം രൂപയുടെ കർഷക അവാർഡ് നേടിയത് ടി. ജയകുമാറിന്റെ ആത്മനിലയം നഴ്സറിയാണ്. ജയകുമാറിന്റെ പിതാവായ എസ്.ജെ. റസാലം കഴിഞ്ഞ 40 വർഷം മുൻപ്
പത്ത് സെന്റിൽ ആരംഭിച്ച കാർഷിക നഴ്‌സറി ഇന്ന് 20 ഏക്കറോളം വ്യാപിച്ചുകിടക്കുകയാണ്. ഈ വിജയത്തിന്റെ മുഖ്യശില്പി റസാലമായിരുന്നെങ്കിലും ഓർമ്മവച്ച കാലംമുതൽ നഴ്സറിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ജയകുമാറുണ്ട്. പിതാവിന്റെ പാത തന്നെയാണ് പിന്നീട് ജയകുമാറും പിന്തുടർന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു റസാലത്തിന്റെ മരണം.
മുന്തിയ ഇനം വിദേശ അലങ്കാരച്ചെടികളും പൂച്ചെടികളും നട്ടുവളർത്തി വിപണിയിൽ എത്തിച്ചതാണ് ജയകുമാറിനെ അവാർഡിന് അർഹനാക്കിയത്.
പൂച്ചെടികളും വിത്തിനങ്ങളും മാത്രമല്ല പച്ചക്കറികളുടെയും പഴങ്ങളുടെയും ശേഖരവും നഴ്സറിയിലുണ്ട്.
റംബുട്ടാൻ, ലോംഗാൻ, പുലാസാൻ, ദുരിയാൻ, മാങ്കോസ്റ്റിൻ, സാൻറോൾ, ലോംഗാൻ എന്നീ പഴവർഗങ്ങളും ഇവിടെയുണ്ട്.
സപ്പോട്ട, മാവ്, പ്ലാവ്, തെങ്ങ്, പേര എന്നിവയുടെ തൈകളും മാവിനങ്ങളായ കോട്ടുക്കോണം, വെള്ളരി, ബംഗനപ്പള്ളി, നീലം, മൽഗോവ, പ്ലാവുകളായ മുട്ടംവരിക്ക, തേൻവരിക്ക എന്നിവയും ഇവിടെ സുലഭം. അഞ്ഞൂറിൽ കുറയാത്ത അത്രയും ഇനത്തിനുള്ള റോസകൾ, ഇരുനൂറിലധികം ഇനങ്ങളിലുള്ള മറ്റ് പൂച്ചെടികൾ എന്നിവയും ആകർഷണങ്ങളാണ്. കൂടാതെ ഇരുനൂറിൽപ്പരം അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, കന്നുകാലികൾ എന്നിവയും ഇവിടെയുണ്ട്.
കഴിഞ്ഞ 35 വർഷത്തെ വിശ്വസ്ത സേവനങ്ങൾക്കുള്ള അംഗീകാരമായി ലഭിച്ച അവാർഡിനെ കർഷകരോടുള്ള ആദരവും അംഗീകാരവുമായാണ് ജയകുമാർ കാണുന്നത്. ആത്മനിലയം നഴ്‌സറിയെ പരിചരിക്കുന്നതിനായി ഭാര്യ റോസ്‌ലെറ്റ്, മകൾ അബിത, മകൻ അബി എന്നിവരും ജയകുമാറിനൊപ്പമുണ്ട്.