മലയിൻകീഴ് : സുഹൃത്തിന്റെ ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഐ.ടി.ഐ വിദ്യാർത്ഥിക്ക് ബസിനടിയിൽപ്പെട്ട് ദാരുണാന്ത്യം. ഊരൂട്ടമ്പലം കിടങ്ങപ്പള്ളിക്കോണം ഷൈൻ നിവാസിൽ ജയകുമാർ - ഷൈമ ദമ്പതികളുടെ മകൻ ജെ.എസ്. ഷൈൻ (19) ആണ് മരിച്ചത്. മാറനല്ലൂർ കോട്ടമുകൾ പെട്രോൾ പമ്പിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവേ എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിറകിലിരുന്ന ഷൈൻ തെറിച്ച് തൊട്ടുപിന്നാലെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻടയറിൽ നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടനേ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധനുവച്ചപുരം ഗവ. ഐ.ടി.ഐയിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ഷൈൻ. ബൈക്ക് ഓടിച്ചിരുന്ന മാറനല്ലൂർ പോങ്ങുംമൂട് സ്വദേശി പത്മകുമാറിന്റെ മകൻ സോനു കൃഷ്ണപ്രസാദ് (19) പരിക്കുകളോടെ രക്ഷപ്പെട്ടു. സോനു അടുത്തിടെ വാങ്ങിയ പുത്തൻ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കേറ്റ സോനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മലയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഷൈനിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: ഷിനു. സംസ്കാരം: പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
(ഫോട്ടോ അടിക്കുറിപ്പ്.... ഷൈൻ