തിരുവനന്തപുരം : ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ദീപാമോഹനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ വിവാദത്തിലായ തിരുവനന്തപുരം ബാർഅസോസിയേഷനിലെ ഭാരവാഹികൾ, അടുത്തിടെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുകളിലെ നഷ്ടപരിഹാരം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അസോസിയേഷൻ പ്രമേയം പാസാക്കുകയും അദാലത്തുകൾ ബഹിഷ്കരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
വാഹനാപകട കേസിലെ നഷ്ടപരിഹാരത്തുക കമ്പനികൾ കക്ഷിക്കാരുടെ അക്കൗണ്ടിലിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നവംബർ 26നാണ് ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയത്. ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമാണെന്നായിരുന്നു വാദം. അദാലത്തുകൾ ബഹിഷ്ക്കരിക്കാനും അഭിഭാഷകർക്ക് നിർദ്ദേശം നൽകി. ഇക്കാര്യം ബാർ കൗൺസിൽ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രമേയത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രനാണ് ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച മജിസ്ട്രേട്ട് ദീപാമോഹന്റെ ചേമ്പറിൽ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ. അസോസിയേഷൻ പ്രസിഡന്റ് കെ..പി.. ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ കണ്ടാലറിയാവുന്ന മറ്റ് 10 അഭിഷാഷകർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വഞ്ചിയൂർ പൊലീസ് കേസടുത്തിട്ടുണ്ട്.