തിരുവനന്തപുരം : നഗരത്തിൽ കഴിഞ്ഞ ദിവസം കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് കെ.എസ്.യു പ്രവർത്തകരും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും അറസ്റ്റിൽ. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് നെയ്യാറ്റിൻകര പനയാട്ടുകേരി തോണിപ്ലാവിള ഉഷസിൽ ആർ.എസ്. അക്ഷയ് (25), കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി പഴയകുന്നുമ്മൽ ഗംഗാ ഭവനിൽ ആദേഷ് സുധർമ്മൻ (24), യൂത്ത് കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് സെക്രട്ടറി കണ്ണമ്മൂല ടി.സി 13/1949(1)ൽ കൃഷ്ണകാന്ത് (23) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും റോഡ് ഉപരോധിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. പൊലീസിനെ ആക്രമിച്ച കേസിൽ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ പ്രതികളാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെയും പ്രതി ചേർത്തിട്ടുണ്ട്. കൃഷ്ണകാന്തിനും അക്ഷയ്ക്കും കോളേജിന് മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്നു പിടികൂടിയിരുന്നു.
എട്ടപ്പനെ തൊട്ടില്ല
നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ട പ്രതി എട്ടപ്പൻ മഹേഷിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാൾ നഗരത്തിൽ തന്നെയുണ്ടെന്ന് ആരോപണമുയരുമ്പോഴും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയിൽ എട്ടപ്പൻ മഹേഷ് ഹോസ്റ്റലിൽ താമസിക്കുന്ന കോളേജിലെ അവസാന വർഷ എം.എ വിദ്യാർത്ഥിയും കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നിതിൻ രാജിനെതിരെ കൊലവിളി നടത്തുകയും തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കെ.എസ്.യു നടത്തിയ പ്രതിഷേധമാണ് ഇരു സംഘടനകളുടെയും ഏറ്റുമുട്ടലിൽ കലാശിച്ചത്.