തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.ഐ സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് കമ്മിറ്റി അംഗവും സി. അച്ചുതമേനോൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി അംഗവും മുൻ പി.എസ്.സി അംഗവുമായിരുന്ന യു. സുരേഷിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. തൈക്കാട് ശാന്തികവാടത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംസ്‌കാരം. വഞ്ചിയൂർ കോടതിക്കു സമീപത്തെ വസതിയായ ഗീതാഞ്ജലിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ പാർട്ടി നേതാക്കൾക്ക് പുറമേ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ബന്ധുക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പിരപ്പൻകോട് മുരളി, ഡോ. എ. സമ്പത്ത്, വി. ശിവൻകുട്ടി, രാജാജി മാത്യൂ തോമസ്, ഡോ. ജോർജ് ഓണക്കൂർ, എം.പി. അച്യുതൻ, പി.എസ്.സി മെമ്പർമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. മാതാവിന്റെ 84-ാം പിറന്നാൾ ചടങ്ങുകൾ നടക്കവേ കുഴഞ്ഞുവീണായിരുന്നു സുരേഷിന്റെ അന്ത്യം. കമ്മ്യൂണിസ്റ്റ് നേതാവ് പി.ടി. ഭാസ്‌കര പണിക്കരുടെയും ജാനകി പണിക്കരുടെയും മകനാണ്.