university-college

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ അവസാന പ്രതിയും കീഴടങ്ങി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഹൈദർ ഷാനവാസാണ് (21) കന്റോൺമെന്റ്‌ പൊലീസിൽ കീഴടങ്ങിയത്. പി.എസ്.സി പരീക്ഷ തട്ടിപ്പ്‌ കേസിലടക്കം പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു കേസിലെ പ്രധാന പ്രതികൾ. മുഴുവൻ പ്രതികളെയും പിടികൂടാനാകാത്തതിനാൽ പൊലീസിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായ മറ്റെല്ലാ പ്രതികളും ജാമ്യത്തിലാണ്. അവസാന പ്രതിയും പിടിയിലായതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ തുടങ്ങി. ആകെ 19പ്രതികളാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 12ന് ഉച്ചയ്ക്കായിരുന്നു സംഭവം. എസ്.എഫ്.ഐ പ്രവർത്തകനായ അഖിലിനെ എസ്.എഫ്.ഐ ഭാരവാഹികൾ തന്നെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ പതിനഞ്ചാം പ്രതിയാണ് ഇപ്പോൾ കീഴടിങ്ങിയ ഹൈദർ. ബംഗ്ലൂരിലും മറ്റ് സംസ്ഥാനങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. ഇയാളെ റിമാൻഡ് ചെയ്തു.