dec01e

കല്ലമ്പലം: കല്ലമ്പലം വ്യാപാരഭവന് സമീപം കാറും ആട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. അമിത വേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെവന്ന ആട്ടോയിൽ ഇടിച്ചശേഷം നിയന്ത്രണംതെറ്റി ഇലക്ട്രിക് പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായ നാവായിക്കുളം പറകുന്ന് ഭാസ്‌കര വിലാസത്തിൽ സുരേന്ദ്രൻപിള്ള (70), ബിന്നി (40), ബിനു ( 41), വിദ്യാർത്ഥികളായ ശ്രീക്കുട്ടി (15), ശ്രീക്കുട്ടൻ (13) എന്നിവർക്കും ആട്ടോയിലുണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശികളായ നൗഷാദ് (45 ), സുരേഷ് (40) എന്നിവർക്കുമാണ് പരിക്കേറ്റത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്‌ത ശേഷം എതിരെ വന്ന ആട്ടോയിൽ ഇടിക്കുകയും നിയന്ത്രണംതെറ്റി അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റും വൈദ്യുതലൈനും റോഡിന് കുറുകെ വീണതിനാൽ ഗതാഗതം തടസപ്പെട്ടു. കല്ലമ്പലം കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ഓഫ് ചെയ്‌ത ശേഷം വൈദ്യുതലൈൻ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.