കിളിമാനൂർ: വിധി തളർത്തിയിട്ടും തന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം ജയിച്ച് മുന്നേറുകയാണ് കിളിമാനൂർ സ്വദേശിനി രഞ്ജിനി. കിളിമാനൂർ പാപ്പാല - ആനപ്പാറ വീട്ടിൽ ശിവരാജൻ - ശാന്തമ്മ ദമ്പതികളുടെ ഇളയ മകൾ രഞ്ജിനിക്ക് ചലനശേഷികൾ ദുർബലമാകുന്ന സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു. ഗർഭാവസ്ഥയിൽ തന്നെ രോഗമുണ്ടായിരുന്നെങ്കിലും ജനിച്ച ശേഷമാണ് അത് തിരിച്ചറിഞ്ഞത്. ചികിത്സകളെല്ലാം പരാജയപ്പെട്ടതോടെ പന്ത്രണ്ടാം വയസിൽ പൂർണമായി കിടക്കയിലാവുകയായിരുന്നു. ചോർന്നൊലിക്കുന്ന ഷീറ്റിട്ട വീട്ടിൽ കൂലിപ്പണിക്കാരനായ അച്ഛനും അമ്മയ്ക്കും മുന്നിൽ രഞ്ജിനിയുടെ ജീവിതം ചോദ്യ ചിഹ്നമായി. എന്നാൽ കിടക്കയിൽ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കാനുള്ളതല്ല തന്റെ ജീവിതമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു പിന്നീടങ്ങോട്ട്. ദുർബലമെന്ന് വിധിയെഴുതിയ കൈകൾ സർഗാത്മകതയുടെ മറ്റൊരു ലോകം തീർത്തു. പൂക്കൾ, ഫ്ലവർ വേസ്, മാല, കമ്മൽ എന്നിങ്ങനെ പലതും അവളുടെ കൈകളിൽ നിന്ന് പിറവി കൊണ്ടു. എന്നാൽ ഇത് കൊണ്ടൊന്നും അവളുടെ ജീവിതം കരുപ്പിടിപ്പിക്കാനായില്ല. ഇതിനിടെയാണ് രഞ്ജിനി ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മയെ കുറിച്ച് അറിയുകയും അവരിൽ നിന്ന് പേപ്പർ പേന എന്ന ആശയം ഉടലെടുക്കുകയും ചെയ്യുന്നത്. റീഫില്ലർ ഒഴികെയുള്ള പേനയുടെ എല്ലാ ഭാഗങ്ങളും പേപ്പർ കൊണ്ട് നിർമിച്ചു. ഇതിനുള്ളിൽ ഫലവൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളും നിക്ഷേപിച്ചിട്ടുണ്ട്. പ്രകൃതി സൗഹാർദ്ദമായ ഇത്തരം പേനകൾ ഉപയോഗശേഷം വലിച്ചെറിയുമ്പോൾ പ്രകൃതി മലിനീകരണം ഒഴിവാക്കുക മാത്രമല്ല ഇതിനുള്ളിലെ വിത്തുകളിൽ നിന്ന് മുളയ്ക്കുന്നത് മറ്റൊരു പ്രതീക്ഷയുടെ നാമ്പുകളാണ്. ഒപ്പം പൂവിടുന്നത് രഞ്ജിനിയെ പോലുള്ളവരുടെ ജീവിതവും. ഈ പേനകൾക്കായി സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ടെക്നോപാർക്ക് എന്നിവിടങ്ങളിൽ നിന്ന് നിരവധി ആവശ്യക്കാർ രഞ്ജിനിയെ തേടി എത്തുന്നുണ്ട്.