നെയ്യാറ്റിൻകര : വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളുമായി പതിനായിരക്കണക്കിന് ലത്തീൻ കത്തോലിക്കൻ വിശ്വാസികൾ നെയ്യാറ്റിൻകര ടൗണിനെ ആറ് മണിക്കൂറോളം മനുഷ്യക്കടലാക്കി മാറ്റി. ലത്തീൻ കത്തോലിക്ക സമുദായ സംഗമവും റാലിയുമാണ് അടുത്തിടെ നെയ്യാറ്റിൻകര കണ്ട ഏറ്റവും വലിയ പ്രകടനമായി മാറിയത്. 3ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്ത റാലിയുടെ മുൻ നിരയിൽ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെ.എൽ.സി.എ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിൻകര രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണിനിരന്നു. റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുൻനിര അക്ഷയ കോംപ്ലക്സ് പരിസരത്ത് എത്തിയപ്പോൾ ആരംഭിച്ച പൊതു സമ്മേളനം അവസാനിക്കും വരെ റാലി തുടർന്നു. പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി. കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഡി. രാജു, ഷാജിജോർജ്ജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ശശിതരൂർ എം.പി, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, ഫാ. ഫ്രാൻസിസ് സേവ്യർ, എം.എൽ.എമാരായ എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, ടി.ജെ. വിനോദ്, മുൻ സ്പീക്കർ എൻ. ശക്തൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ളിയു.ആർ. ഹീബ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ ആർ. സെൽവരാജ്, കൊച്ചി മുൻ മേയർ ടോണി ചമ്മണി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധം ശക്തമാക്കും: ബിഷപ്
നെയ്യാറ്റിൻകര : ലത്തീൻ കത്തോലിക്കരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലത്തീൻ സമുദായം പരസ്യ പ്രതിഷേധവുമായി ഇറങ്ങേണ്ടി വരുമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ പറഞ്ഞു. കാലാകാലങ്ങളായി ലത്തീൻ സമുദായത്തെ വോട്ട് ബാങ്കുകളായി കാണുന്ന സാഹചര്യം മാറണമെന്നും ബിഷപ് പറഞ്ഞു.
സർക്കാർ അവഗണിച്ചിട്ടില്ല : മന്ത്രി
നെയ്യാറ്റിൻകര : ലത്തീൻ സമൂഹത്തെ സർക്കാർ അവഗണിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ച് പരിഹരിക്കും. സമുദായ സംഗമത്തിന്റെ ഭാഗമായി കെ.എൽ.സി.എ നൽകിയ 15 ഇന ആവശ്യങ്ങളിൽ പരിഹരിക്കാവുന്നവ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.