
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സോഷ്യൽ മീഡിയ ഡിപ്പാർട്ടുമെന്റ് കമ്മിറ്റി അംഗവും മുൻ പി.എസ്.സി അംഗവുമായിരുന്ന യു.സുരേഷിന്റെ മരണം തീർത്തും അവിചാരിതമായിരുന്നു. പിറന്നാളാഘോഷത്തിനിടെ അമ്മയുടെ ജീവിതത്തിൽനിന്ന് താൻ പകർത്തിയ അപൂർവ നിമിഷങ്ങൾ ഉൾപ്പെട്ട വീഡിയോ ചിത്രം കാണാൻ എല്ലാവരേയും ക്ഷണിച്ച് സീറ്റിൽ വന്നിരുന്നതായിരുന്നു സുരേഷ്. ഹാളിലെ വെളിച്ചവും സുരേഷ് തന്നെ അണച്ചു. ഒമ്പതു മിനിറ്റുള്ള വീഡിയോ ചിത്രം തുടങ്ങി ഒരു മിനിട്ടെ പിന്നിട്ടിരുന്നുള്ളൂ. പൊടുന്നനെ കസേരയിൽ നിന്ന് ആരോ താഴെ വീഴുന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയെഴുന്നേറ്റു. വെളിച്ചം തെളിഞ്ഞപ്പോൾ തറയിൽ വീണു കിടക്കുന്ന സുരേഷിനെയാണ് കണ്ടത്. തൊട്ടു മുമ്പ് താൻ അണച്ച വെളിച്ചം പോലെ സുരേഷ് പിന്നെ ഉണർന്നില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തീരാക്കണ്ണീരു നൽകിയായിരുന്നു ആ മടക്കം. ആറു പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചലനങ്ങളെ തൊട്ടറിഞ്ഞ അമ്മ ജാനകി പണിക്കരുടെ 84-ാം പിറന്നാൾ ആഘോഷിക്കാൻ കവടിയാർ ഗോൾഫ് ക്ലബിൽ ഒത്തു ചേർന്നതായിരുന്നു സുരേഷും പ്രിയപ്പെട്ടവരും. 1997ൽ അച്ഛൻ പി.ടി ഭാസ്‌കരപണിക്കർ വിട പറഞ്ഞ ശേഷം അമ്മയുടെ കാര്യത്തിൽ സുരേഷ് കൂടുതൽ ശ്രദ്ധാലുവായി. അമ്മയ്ക്ക് ഇടയ്ക്കിടെ ഓർമ്മ നഷ്ടമാകുകയും തിരിച്ചുവരികയും ചെയ്തിരുന്നു. ഇതു തിരിച്ചറിഞ്ഞ് മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് വഞ്ചിയൂരിലെ വീട്ടിൽ ദിവസം 10 മണിക്കൂറെങ്കിലും അമ്മയോടൊപ്പം ഇരിക്കാൻ ശ്രദ്ധിച്ചു. ഈ വേളകളിൽ ഫോണിലും കാമറയിലുമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് പിറന്നാൾ ദിവസം ഒരു വീഡിയോ ചിത്രമായി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ആ ഓർമ്മച്ചിത്രങ്ങൾ മുഴുമിക്കാതെയും അമ്മയോടുള്ള നിരുപാധികമായ സ്‌നേഹം ബാക്കിയാക്കിയും മടങ്ങാനായിരുന്നു ആ മകന്റെ നിയോഗം.