നെയ്യാറ്റിൻകര: കേരള ലത്തീൻ കത്തോലിക്ക സംഗമത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് വിശ്വാസികൾ നെയ്യാറ്റിൻകര ടൗണിൽ ഒരുമിച്ചെത്തിയതോടെ ട്രാഫിക് സംവിധാനം പാളി. ദേശീയപാതയിൽ ഗതാഗത സ്തംഭനമുണ്ടായത് ആറ് മണിക്കൂർ ! ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ ദേശീയപാതയിലെ ഗതാഗതം പൂർണമായും നിശ്ചലമായി. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ തലേ ദിവസം പൊലീസ് ഏർപ്പാടുകൾ ചെയ്തിരുന്നെങ്കിലും ഇന്നലെ പൊലീസിന്റെ അസാന്നിദ്ധ്യം കാരണം സംഘാടകർ നന്നേ കുഴങ്ങി. ഒടുവിൽ ജാഥയിൽ പങ്കെടുത്തവർ തന്നെ ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഉച്ച കഴിഞ്ഞ് ഓലത്താന്നി വഴി തിരിഞ്ഞു പോകണമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും വാഹനങ്ങൾ തിരിച്ചു വിടാൻ പൊലീസ് എത്തിച്ചേർന്നിരുന്നില്ല. ഇതുകാരണം തിരുവനന്തപുരത്തു നിന്നും പാറശാലയിൽ നിന്നും വന്ന ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുരുങ്ങുകയായിരുന്നു. ഒരു ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടകർ നേരത്തേ പൊലീസിനെ അറിയിച്ചിരുന്നു. എൺപതിനായിരത്തോളം പേർ പ്രകടനത്തിൽ പങ്കെടുക്കുകയും ചെയ്തു.