c

അഞ്ചൽ : തൂത്തുക്കുടിയിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. അഞ്ചൽ ആനപ്പുഴയ്ക്കൽ നെടിയവിള പടിഞ്ഞാറ്റതിൽ ഡാനിയൽ കുട്ടി-സുനിമോൾ ദമ്പതികളുടെ ഏകമകൻ സുബിൻ (23 ), പനച്ചവിള പുത്താറ്റ് എം.ഐ മൻസിലിൽ ഷറഫുദ്ദീൻ- സജിതാ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് ഇസ്മായിൽ ( 24) എന്നിവരാണ് മരിച്ചത്.

ഇരുവരും തൂത്തുക്കുടിയിൽ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ്. ബൈക്കിൽ നാട്ടിലേയ്ക്ക് മടങ്ങവേ ആഹാരം കഴിക്കാനായി രാത്രി പത്തു മണിയോടെ പുതുക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വഴിയരികിലെ ഹോട്ടലിന് മുന്നിൽ ഇറങ്ങിയതായിരുന്നു. റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടവേര വാഹനം വന്നിടിക്കുകയായിരുന്നു.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടവേര വയലിലേക്ക് മറിഞ്ഞു.

സുബിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് അഞ്ചൽ സെന്റ് ജോർജ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . പിതാവ് ഡാനിയേൽ കുട്ടി വിമുക്തഭടനാണ്.

മുഹമ്മദ് ഇസ്മായിലിന്റെ കബറടക്കം കഴിഞ്ഞു .സഹോദരൻ മുഹമ്മദ് ഷാൻ.