മലയിൻകീഴ്: ജോലി കണ്ടെത്തി അച്ഛനും അമ്മയ്‌ക്കും താങ്ങായി മാറുക എന്നതായിരുന്നു ഷൈനിന്റെ ആഗ്രഹം. ഇതിനായി പി.എസ്.സി കോച്ചിംഗ് സെന്ററിൽ പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഷൈനിന്റെ ദാരുണാന്ത്യം. കോച്ചിംഗ് സെന്റർ അന്വേഷിച്ച് കൂട്ടുകാരന്റെ ബൈക്കിന് പിറകിലിരുന്ന് പോകുമ്പോഴാണ് കോട്ടമുകൾ പെട്രോൾ പമ്പിന് സമീപം അപകടമുണ്ടായത്. മകന്റെ മരണം ഉൾക്കൊള്ളാനാകാതെ അലമുറയിടുകയാണ് മാതാപിതാക്കളായ ജയകുമാറും ഷൈമയും. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ധനുവച്ചപുരം ഗവ. ഐ.ടി.ഐയിലെ രണ്ടാംസെമസ്റ്റർ (ഫിറ്റർ) വിദ്യാർത്ഥിയായ ഷൈൻ. മേസ്തിരി പണി ചെയ്‌ത് കുടുംബം പുലർത്തുന്ന ജയകുമാറിന് മകൻ ഷൈൻ സുഹൃത്തിനെപ്പോലെയായിരുന്നു. അസുഖമുണ്ടെങ്കിലും മാതാവ് തൊഴിലുറപ്പിന് പോകാറുണ്ട്. മകന് ജോലി കിട്ടുമ്പോൾ ഇപ്പോഴത്തെ ബുദ്ധിമുട്ടൊക്കെ മാറുമെന്ന ജയകുമാറിന്റെ സ്വപ്നമാണ് ഇന്നലെ തകർന്നടിഞ്ഞത്. വൃദ്ധരായ ജയകുമാറിന്റെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനും സഹായങ്ങൾ ചെയ്യാനും ഇനി ഷൈൻ ഉണ്ടാകില്ലെന്ന സത്യം അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പ്ലസ് ടുവിന് പഠിക്കുന്ന ഏകസഹോദരൻ ഷിനുവിന്റെ റോൾ മോഡലായിരുന്നു ജ്യേഷ്ഠൻ ഷൈൻ. ഷൈനിന്റെ വേർപാടിൽ വിതുമ്പുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
കോട്ടമുകൾ റോഡിന്റെ
അവസ്ഥ ദയനീയം
മലയിൻകീഴ്: കുണ്ടും കുഴിയുമായി കിടക്കുന്ന കോട്ടമുകൾ - നെയ്യാറ്റിൻകര റോഡിൽ അപകടമരണങ്ങൾ തുടർക്കഥയാണ്. ഗട്ടറിൽ വീണ ബസ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച് മലയിൻകീഴ് സ്വദേശി ജയകുമാർ മരിച്ചിരുന്നു. ഈ റോഡിൽ ഒരു വർഷത്തിനിടെ 4 പേരാണ് മരിച്ചത്. റോഡ് നവീകരിക്കുമെന്ന് അധികൃതർ പറയുമെങ്കിലും പതിവുപോലെ പ്രഖ്യാപനം നീളുകയാണ്.