mayors-cup
mayors cup

കലാശക്കളിക്ക് ടിക്കറ്റെടുത്ത് എസ്.ബി.ഐ

. സെമിയിൽ കെ.എസ്.ഇ.ബിയെ 3- 0ത്തിന് കീഴടക്കി

നാളെ ഫൈനലിൽ ഗോകുലം കേരളയെ നേരിടും

തിരുവനന്തപുരം : മേയേഴ്സ് ഗോൾഡ് കപ്പ് ഫുട്ബാളിന്റെ ഫൈനലിൽ എസ്. ബി.ഐ കേരളയും ഗോകുലം എഫ്.സിയും ഏറ്റുമുട്ടും.

ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽനടന്ന രണ്ടാം സെമി ഫൈനലിൽ കെ.എസ്.ഇ.ബി യെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് എസ്.ബി.ഐ കേരള ഫൈനലിന് ടിക്കറ്റെടുത്തത്. നാളെ ഇതേ വേദിയിലാണ് ഫൈനൽ.

ഇന്നലെ നടന്ന സെമിഫൈനലിൽ സമ്പൂർണാധിപത്യം പുലർത്തിയാണ് എസ്.ബി.ഐ വിജയം കണ്ടത്. കഴിഞ്ഞദിവസം ധൻബാദ് എഫ്.എയ്ക്കെതിരെ മറുപടിയില്ലാത്ത പത്തു ഗോളുകൾ അടിച്ചുകൂട്ടിയിരുന്ന വി.പി. ഷാജി പരിശീലിപ്പിക്കുന്ന എസ്.ബി.ഐ ഇന്നലെ അതിന്റെ തുടർച്ചയെന്നോണം മൂന്നാം മിനിട്ടിൽ തന്നെ സ്കോർ ചെയ്തു. സ്റ്റീഫൻ ദാസായിരുന്നു ഗോൾ നേടിയത്. ആദ്യപകുതിയിൽ ഇൗ ഗോളിന് എസ്.ബി.ഐ ലീഡ് ചെയ്തു.

81-ാം മിനിട്ടിൽ ജിജോ ജോസഫും 89-ാം മിനിട്ടിൽ മിഥുനുമാണ് മറ്റ് ഗോളുകൾ നേടിയത്. ജിജോ ധൻബാദിനെതിരെ അഞ്ച് ഗോളുകൾ നേടിയിരുന്നു.

ആദ്യസെമിയിൽ കേരള പൊലീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഗോകുലം ഫൈനലിലെത്തിയത്. നാളെ വൈകിട്ട് 3.45 മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഫൈനൽ.