ടൂറിൻ : ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ സസൗളോയോട് 2-2ന് സമനില വഴങ്ങേണ്ടിവന്ന നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് ഇറ്റാലിയൻ സെരി എ ഫുട്ബാളിലെ പോയിന്റ് പട്ടികയിൽ രണ്ടാമതേക്കിറങ്ങേണ്ടിവന്നു.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂട്ടി ഇറങ്ങിയിട്ടും യുവന്റസിന് വിജയിക്കാനാകാതെ പോവുകയായിരുന്നു. 20-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയിലൂടെ യുവന്റസാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 22-ാം മിനിട്ടിൽ ബോഗയിലൂടെ സസൗളോ സമനില പിടിച്ചു. ആദ്യപകുതി 1-1ന് പിരിഞ്ഞു. എന്നാൽ 47-ാം മിനിട്ടിൽ വീണ്ടും യുവന്റസ് ഗോൾ വലകുലുക്കി സസൗളോ മുന്നിലെത്തി. കപൂട്ടോയാണ് സ്കോർ ചെയ്തത്. 68-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ കളി സമനിലയിലാക്കുകയായിരുന്നു.
ഡിഫൻഡർ ക്രിസ്റ്റ്യാനോ
സസൗളോയ്ക്കെതിരെ യുവന്റസിന്റെ ഗോളെന്നുറപ്പിച്ച ഒരു ഷോട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലിൽ തട്ടി പുറത്തേക്ക് പോയത് നാണക്കേടായി. 49-ാം മിനിട്ടിൽ ഡൈബാലയുടെ ഷോട്ടാണ് ഗോൾ ലൈനിന് തൊട്ടുമുന്നിൽ വച്ച് ക്രിസ്റ്റ്യാനോയുടെ കാലിൽ തട്ടിത്തെറിച്ചത്.
36 പോയിന്റുകളാണ് 14 മത്സരങ്ങളിൽനിന്ന് യുവന്റസിനുള്ളത്. ഇന്നലെ സ്പാലിനെ 2-0ത്തിന് കീഴടക്കിയ ഇന്റർമിലാൻ 37 പോയിന്റുമായി ഒന്നാംസ്ഥാനത്തേക്ക് എത്തി.
ലിവർപൂൾ തന്നെ ഒന്നാമത്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ 2-1ന് ബ്രൈട്ടൺ ആൻഡ് ഹോവിനെ കീഴടക്കിയ ലിവർപൂൾ ഒന്നാംസ്ഥാനത്ത് തുടരുന്നു. വിർജിൽ വാൻഡിക്കാണ് ലിവർപൂളിന്റെ രണ്ട് ഗോളുകളും നേടിയത്. എന്നാൽ 76-ാം മിനിട്ടിൽ ഗോൾകീപ്പർ ആലിസണെ ലിവറിന് ചുവപ്പ് കാർഡിലൂടെ നഷ്ടമായി. 14 കളികളിൽ നിന്ന് 40 പോയിന്റാണ് ലിവർപൂളിനുള്ളത്.
കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ മൗറീന്യേ പരിശീലിപ്പിക്കുന്ന ടോട്ടൻഹാം 3-2ന് എ.എഫ്.സി ബേൺ മൗത്തിനെയും വെസ്റ്റ് ഹാം 1-0 ത്തിന് ചെൽസിയെയും തോൽപ്പിച്ചു.