axident

ഓയൂർ: പൂയപ്പള്ളി സാമിൽ ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. വർക്കല കണ്ണമ്പ ചൈതന്യയിൽ രാജ്കമൽ (32), ഭാര്യ ബിജി (28) എന്നിവർക്കും പത്തുമാസം പ്രായമുള്ള മകനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. മീയ്യണ്ണൂരിൽ നിന്ന് പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. മറിഞ്ഞ കാറിൽ നിന്ന് അമ്മയും കുഞ്ഞും പുറത്തേക്ക് തെറിച്ച് വീണു. കൊട്ടറയിലെ ബന്ധുവിന്റെ വീട് പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ മൂവരെയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.