മലയിൻകീഴ്: മുക്കുപണ്ടം പണയംവച്ച് ദേശസാത്കൃത ബാങ്കുകളിൽ തട്ടിപ്പു നടത്തിയ സംഘത്തിലെ അഞ്ചു പേർ പിടിയിൽ. തമിഴ്നാട് ദിണ്ഡുഗൽ ചിന്നാനപ്പെട്ടിയിൽ കെ. പാണ്ടിസെൽവൻ (30), ദിണ്ഡുഗൽ സഹായമാതാപുരം ബേഗംപൂരിൽ എസ്. പ്രേംകുമാർ (29), വിളപ്പിൽശാല കാരോട് വിളയിൽ ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഭരത്കുമാർ (30), കൊല്ലംകോണം ഷീബാഭവനിൽ ജെ. ഷാജിജേക്കബ് (48), പുളിയറക്കോണം ചന്തവിള വീട്ടിൽ എ. രമേഷ്കുമാർ (46) എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ പേയാട്, മലയിൻകീഴ് ശാഖകളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പുനടത്തിയ കേസിൽ എസ്.ഐ സൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഒരു വർഷമായി ഈ സംഘം തട്ടിപ്പു തുടരുകയായിരുന്നു. ഇതിനിടെ പണയ ഉരുപ്പടികൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഭരതിന്റെ നേതൃത്വത്തിൽ പേയാട് ബ്രാഞ്ചിൽ നാലും, ഷാജി മലയിൻകീഴിൽ ഒരു പണയ ഇടപാടും നടത്തിയിട്ടുണ്ട്. തമിഴ്നാട് സ്വദേശിനി ഉമയാണ് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആഭരണ ശേഖരത്തിലെ വളകളെന്ന് വിശ്വസിപ്പിച്ച് പണയം വയ്ക്കാനേല്പിച്ചിരുന്നതെന്നും ഒരു ലക്ഷം രൂപയ്ക്കു പണയം വയ്ക്കുമ്പോൾ 5000 രൂപ കമ്മിഷനായി കിട്ടിയിരുന്നുവെന്നും അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. ഉമയും സഹായികളായ തേനി സ്വദേശി രാമചന്ദ്രൻ, കർപ്പകവല്ലി എന്നിവരും സമാനമായ കേസിൽ ജയിലിലാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി നടന്ന അന്വേഷണത്തിൽ എ.എസ്.ഐമാരായ അലോഷ്യസ്, മണിക്കുട്ടൻ, സി.പി.ഒമാരായ വരുൺ, പ്രദീപ്, ആഖേഷ് എന്നിവർ നേതൃത്വം നൽകി.