നിലമാമൂട്: മഴക്കാലത്ത് ഒാടകളിൽ വെള്ളത്തോടൊപ്പം വരുന്ന മാലിന്യങ്ങൾ ഒഴുകിപ്പോകാത്തത് കാരണം നിലമാമൂട് ജംഗ്ഷനിലെ ഒാടയിലും റോഡുവക്കിലും മാലിന്യം കെട്ടികിടക്കുന്നതായി പരാതി. മുൻപ് ഉണ്ടായിരുന്ന ഒാട നികത്തി കൈയേറിയത് കാരണമാണ് മാലിന്യവും വെള്ളവും ഒഴുകിപ്പോകാൻ പറ്റാതെ കെട്ടികിടക്കുന്നത്. വെള്ളം ഒഴുകിപ്പോകാൻ മൂന്നുവർഷം മുൻപ് ലക്ഷങ്ങൾ മുടക്കിയ പദ്ധതി പ്രയോജനപ്പെട്ടില്ല.
അമരവിള, പാറശാല ദേശീയപാതയിൽനിന്ന് ആരംഭിച്ച് കാരക്കോണം പനച്ചമൂട് തെക്കൻമലയോര അതിർത്തി പ്രദേശമായ നിലമാമൂട് ജംഗ്ഷനിനാണ് ഇൗ ദുർവിധി.
ഉണ്ടൻകോട് ജംഗ്ഷൻ മുതൽ നിലമാമൂട് വരെ മഴ പെയ്താൽ വെള്ളക്കെട്ടുകാരണം യാത്ര ബുദ്ധിമുട്ടാണ്. മുൻപ് എഴുപതു ലക്ഷം രൂപ മുടക്കി പൊതുമരാമത്ത് ഒാട നിർമ്മിച്ചു. ഉണ്ടൻകോട് നിന്നും നിലമാമൂട്ടിൽ വരുന്ന വെള്ളം ഒഴുകിപ്പോകാൻ പറ്റാതായി. ഇതുകാരണം മഴപെയ്താൽ റോഡിൽ രണ്ടടി വെള്ളം കയറും.ഇവിടെ നാട്ടുകാർ നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പരാതി.