തിരുവനന്തപുരം: യുവാക്കൾക്കും വനിതകൾക്കും നേതൃതലത്തിൽ കൂടുതൽ പ്രാതിനിദ്ധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സെക്രട്ടേറിയറ്റ് മുതൽ താഴെത്തട്ട് വരെ അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കന്നത് അടുത്ത സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ചർച്ച ചെയ്യും. പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി തലങ്ങളിൽ അംഗങ്ങളുടെ പ്രായപരിധി 80 ആയിരുന്നത് 75 ആയി പുതുക്കി നിശ്ചയിച്ചതിന് പിന്നാലെയാണിത്..
പ്രായപരിധി കുറയ്ക്കുമ്പോഴും നേതൃതലത്തിൽ മികച്ച രീതിയിലും സജീവമായും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകും..പ്രായപരിധിയുടെ പേരിൽ എല്ലാവരെയും ഒഴിവാക്കുകയെന്ന യാന്ത്രിക സമീപനമുണ്ടാവില്ല. അങ്ങനെ വന്നാൽ അത് നേതൃതലത്തിൽ ദൗർബല്യമുണ്ടാക്കുമെന്നാണ് കേന്ദ്രകമ്മിറ്റിയിലുണ്ടായ അഭിപ്രായം .ഓരോ സംസ്ഥാനത്തും സംഘടനയുടെ ആകെ അംഗത്വം, വർഗ്ഗ, ബഹുജന സംഘടനകളുടെ വളർച്ച എന്നീ ഘടകങ്ങൾ വിലയിരുത്തിയാവും തീരുമാനമെടുക്കുക.
അംഗങ്ങളുടെ പ്രവർത്തനമികവ് കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് പി.ബിയിലുൾപ്പെടെ ഇളവ് കിട്ടിയേക്കാം. 2021ലെ പാർട്ടി കോൺഗ്രസിലാണ് പുതിയ പ്രായപരിധി നിബന്ധന നടപ്പിലായിത്തുടങ്ങുക. നിലവിൽ ,പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും സംസ്ഥാനകമ്മിറ്റിയിലും പ്രായപരിധി 80 ആണ് .. കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയ്ക്ക് പി.ബിയിൽ തുടരാൻ ഇളവ് നൽകി... അദ്ദേഹത്തിന് അന്ന് 80 വയസ്സ് തികഞ്ഞിരുന്നു. കേരളത്തിൽ 80 കഴിഞ്ഞിട്ടും ആനത്തലവട്ടം ആനന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിലും കോലിയക്കോട് കൃഷ്ണൻ നായർ സംസ്ഥാന കമ്മിറ്റിയിലും തുടരുന്നുണ്ട്.
അതേസമയം, വനിതാപ്രാതിനിദ്ധ്യം ഉയർത്താനുള്ള നിർദ്ദേശം പല സംസ്ഥാനങ്ങളിലും പാർട്ടിയിലും,വർഗ്ഗ, ബഹുജന സംഘടനകളിലുമുൾപ്പെടെ പ്രാവർത്തികമായിട്ടില്ലെന്ന വിമർശനം കേന്ദ്ര നേതൃത്വത്തിലുണ്ട്. സി.പി.എമ്മിന്റെ ആകെ അംഗത്വത്തിന്റെ 25 ശതമാനം വനിതകളാകണമെന്നതാണ് കേന്ദ്രകമ്മിറ്റി നിർദ്ദേശം.