tom-joseph
tom joseph

തിരുവനന്തപുരം : ഇന്നലെ സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിന് വയനാട്ടിൽ തുടക്കമായപ്പോൾ ജിമ്മി ജോർജിന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച വോളിബാൾ പ്രതിഭ ടോം ജോസഫ് മാറ്റിനിറുത്തപ്പെട്ടവന്റെ വേദനയിലായിരുന്നു. സംസ്ഥാന വോളിബാൾ അസോസിയേഷന്റെ അഴിമതികളെ വെട്ടിത്തുറന്ന് എതിർത്തതിന്റെ പേരിൽ മാറ്റിനിറുത്തിയെങ്കിലും വിട്ടുകാെടുക്കാൻ ടോം തയ്യാറല്ല.ഇത്തവണ സംസ്ഥാന ചാമ്പ്യൻഷിപ്പ് കളിച്ച് വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയ ടോം കള്ളക്കളികളിലൂടെ തന്നെ വിലക്കി മാറ്റിനിറുത്തിയതിൽ സന്തോഷം കണ്ടെത്തുന്ന അസോസിയേഷൻ നേതാക്കൾക്ക് മുന്നിൽ തോറ്റുകൊടുക്കാതെ വോളിബാൾ കോർട്ടിൽ തന്നെ തുടരുമെന്നും സംസ്ഥാന തലത്തിലെ ഒരു ചാമ്പ്യൻഷിപ്പിലെങ്കിലും കളിച്ചശേഷമേ വിരമിക്കൽ പ്രഖ്യാപിക്കൂ എന്നും ഉറപ്പിച്ചു പറയുന്നു.

അടുത്ത വർഷം മുതൽ ബി.പി.സി.എൽ ടീമിന്റെ പരിശീലകനായി മാറുന്ന ടോം ഇത്തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിച്ച് പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാനാഗ്രഹിച്ചിരുന്നു. അതിനായി ജില്ലാചാമ്പ്യൻഷിപ്പ് കളിക്കാനിറങ്ങിയതുമുതൽ കേരളത്തിന്റെ അഭിമാനതാരത്തെ വേട്ടയാടുകയാണ് അസോസിയേഷൻ.

ഇത്തവണ എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച ടോമിന് സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാടീമിലേക്കുള്ള സെലക്ഷൻ നിഷേധിക്കലായിരുന്നു ആദ്യ പാര. സംസ്ഥാന ഭാരവാഹികളുടെ കടുത്ത സമ്മർദ്ദം മൂലമാണ് ടീമിൽ നിന്ന് ഒഴിവാക്കേണ്ടിവന്നതെന്ന് ജില്ലാ ഭാരവാഹികൾ പറയുന്നു.തുടർന്ന് എറണാകുളം ജില്ലാ അസോസിയേഷനിൽ നിന്ന് അനുമതി പത്രം വാങ്ങി പാലക്കാട് ജില്ലാ ചാമ്പ്യൻഷിപ്പിനിറങ്ങി. അവിടെയും മികച്ച പ്രകടനം കാഴ്ചവച്ചു. ടീമിൽ ഉൾപ്പെടുത്താൻ ജില്ലാ അസോസിയേഷൻ തയ്യാറാവുകയും ചെയ്തു. എന്നാൽ പാലക്കാട് ജില്ലാ അസോസിയേഷന് ടീം പ്രഖ്യാപിക്കാൻ വിലക്ക് ഏർപ്പെടുത്തിയാണ് സംസ്ഥാന അസോസിയേഷൻ പണികൊടുത്തത്. സംസ്ഥാന തലത്തിൽ കളിക്കളത്തിൽ ഇറങ്ങി ടോമിനെ വിരമിക്കാൻ അനുവദിക്കില്ലെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.

ജില്ലാ ചാമ്പ്യൻഷിപ്പിൽ പോലും കളിക്കാത്ത അസോസിയേഷൻ ഭാരവാഹികളുടെ വേണ്ടപ്പെട്ടവരെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുകിക്കയറ്റിയവരാണ് തന്നെ ഒഴിവാക്കാനായി തനിക്ക് അവസരം നൽകിയ ജില്ലയെ വിലക്കിയതെന്ന് ടോം പറയുന്നു. കോടതിയിൽ നിന്ന് അനുകൂല വിധിയുമായി പാലക്കാട് ജില്ലാ അസോസിയേഷൻ എത്തുന്നതിന് മുമ്പ് സംസ്ഥാന അസോസിയേഷൻ സ്വന്തമായി പാലക്കാട് ടീം പ്രഖ്യാപിച്ച് കളി നേരത്തെ ആക്കുകയും ചെയ്തു.

അസോസിയേഷനും ടോം ജോസഫും

വർഷങ്ങളായി നടക്കുന്ന നിരവധി സാമ്പത്തിക അഴിമതിക്കേസുകളിലും സർട്ടിഫിക്കറ്റ് തട്ടിപ്പ് കേസുകളിലും സംസ്ഥാന വോളിബാൾ അസോസിയേഷന് പങ്കുണ്ടെന്ന് കണ്ടെത്തി സംസ്ഥാന സ്പോർട്സ് കൗസിൽ വിലക്കിയിരുന്നു.

അസോസിയേഷന്റെ നടപടികൾക്കെതിരെ പരസ്യമായി വിമർശനം ഉന്നയിക്കാൻ ടോം ജോസഫ് ചങ്കൂറ്റം കാട്ടിയതുകൊണ്ടാണ് അവരുടെ കണ്ണിലെ കരടായി മാറിയത്.

ഇതോടെ ടോമിനെ ഫേസ്ബുക്കിലൂടെ "കാലുനക്കി" എന്ന് അധിക്ഷേപിച്ച അസോസിയേഷൻ സെക്രട്ടറിക്ക് ആരാധകരുടെ കടുത്ത പ്രതിഷേധം മൂലം മാപ്പുപറയേണ്ടിവന്നു.

ദേശീയ ചാമ്പ്യൻഷിപ്പുകൾക്കുള്ള കേരള ടീമിൽ നിന്ന് ടോമിനെ ഒഴിവാക്കിയായിരുന്നു ഇതിനുള്ള പ്രകാരം.

കോഴിക്കോട് ദേശീയ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ ടോമിനെ കാഴ്ചക്കാരനായിപ്പോലും ക്ഷണിക്കാതെ അസോസിയഷൻ സ്വന്തം "നിലവാരം" പ്രദർശിപ്പിച്ചു.

എന്നാൽ സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് ഗാലറിയിലെത്തിയ ടോമിന് ലഭിച്ച ആരാധകപിന്തുണ അസോസിയേഷന് അടുത്ത നാണക്കേടായി.

വോളിബാളാണ് എന്റെ ജീവശ്വാസം. അത് ഉൗതിക്കെടുത്താൻ ആരെയും അനുവദിക്കില്ല. സത്യങ്ങൾ തുറന്നുപറഞ്ഞതിനാണ് എന്നെ മാറ്റിനിറുത്തുന്നത്. അതിൽ ഭയക്കുന്നില്ല. വോളിബാളിൽ തുടരുകതന്നെ ചെയ്യും. സംസ്ഥാന തലത്തിലെ ഒരു ചാമ്പ്യൻഷിപ്പിൽ കളിച്ചശേഷമേ വിരമിക്കുന്നുള്ളൂ. എന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നവരുടെ വാശിയാണ് ഫിറ്റ്നസ് നിലനിറുത്തി കളത്തിൽ തുടരാനുള്ള ഉൗർജ്ജം.

ടോം ജോസഫ്