പോത്തൻകോട്: കാട്ടായിക്കോണത്തേക്ക് മാറ്റിയ കഴക്കൂട്ടം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും. കാട്ടായിക്കോണം ജംഗ്‌ഷന് സമീപം ചെമ്പഴന്തി - ശ്രീകാര്യം റോഡിലെ ബഹുനില കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യം പാങ്ങപ്പാറയിൽ തുടങ്ങിയ ഓഫീസ് പിന്നീട് കഴക്കൂട്ടം ജംഗ്‌ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ടെക്നോപാർക്ക് വികസനവും റോഡുവികസനവും വന്നതോടെ സൗകര്യങ്ങൾ കുറഞ്ഞത് ജീവനക്കാരെയും സാധാരണക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കി. കാട്ടായിക്കോണത്തേക്ക് ഓഫീസ് പ്രവർത്തനം മാറ്റുന്നതോടെ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകുകയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ പരിഹരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കഴക്കൂട്ടം ആർ.ടി.ഓഫീസിന്റെ തുടക്കത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയിരുന്നത് ആറ്റിൻകുഴിയിലും റോഡ് ടെസ്റ്റ് കുളത്തൂർ - കല്ലിംഗൽ റോഡിലിമായിരുന്നു. നിലവിൽ കഴക്കൂട്ടം പൊലീസ്‌സ്റ്റേഷന് സമീപം എൻ.എച്ച്. റോഡിനോട് ചേർന്നുള്ള സർക്കാർ അധീനതയിലുള്ള സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഗ്രൗണ്ട് പ്രവർത്തിക്കുന്നത്. കാട്ടായിക്കോണത്തേക്ക് ഓഫീസ് മാറുമ്പോഴും ഇത് ഇവിടെ തുടരും.
പുതിയ സൗകര്യങ്ങൾ ഇങ്ങനെ
കാട്ടായിക്കോണത്തെ പുതിയ ഓഫീസിൽ ആറ് കൗണ്ടറുകളാണ് ഉണ്ടാകുക
വേഗതകൂടിയ ഇന്റർനെറ്റ് സംവിധാനമാണ് ഉപയോഗിക്കുക
ഇക്കാരണത്താൽ വളരെ വേഗത്തിൽ ജനങ്ങൾക്ക് സേവനം നൽകാൻ കഴിയും.
കഴക്കൂട്ടത്ത് മൂന്നാം നിലയിലാണ് ഒാഫീസ് പ്രവർത്തിച്ചിരുന്നു എന്നതിനാൽ ഏവർക്കും ബുദ്ധിമുട്ടായിരുന്നു
കാട്ടായിക്കോണത്തെ കെട്ടിടം തറനിരപ്പിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഭിന്നശേഷി സൗഹൃദ ഓഫീസ് എന്ന പ്രത്യേകതയുമുണ്ട്.