ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗാർഡുമാരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ശബരിമലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് ശബരിമല പൊലീസ് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്. സ്പെഷ്യൽ ഓഫീസർ രാഹുൽ.ആർ.നായരാണ് ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. കൊലപാതക ശ്രമക്കേസിൽ അടക്കം പ്രതിചേർക്കപ്പെട്ട ചില ഗാർഡുകൾ സോപാനം പോലെ അതീവ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ശബരിമല ഡ്യൂട്ടിക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമ്പോഴും ദേവസ്വം ജീവനക്കാർക്ക് ഇത് ബാധകമാക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഇത്തരം ജീവനക്കാർ ദേവസ്വം ഭരണസമിതിയിലെ ചില ഉന്നതരുടെ സ്റ്റാഫിൽ വരെ കടന്നുകൂടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
എന്നാൽ, പൊലീസിനെതിരെ ദേവസ്വം ജീവനക്കാരിൽ ചിലർ പരാതി പറഞ്ഞതും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധു തിരക്കേറിയ സമയത്ത് സോപാനത്ത് അധിക സമയം ചെലവഴിച്ചത് ഒരു ദേവസ്വം ഗാർഡ് ചോദ്യം ചെയ്യുകയും സോപാനത്ത് നിന്ന് ഇറക്കി നിറുത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം 'ഫ്ളാഷ്' റിപ്പോർട്ട് ചെയ്തിരുന്നു.
ഏതാനും വർഷം മുമ്പും ഇത്തരത്തിൽ ദേവസ്വം ഗാർഡും പൊലീസും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. തുടർന്ന് അന്നത്തെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സോപാനത്ത് നിന്നും തിരുമുറ്റത്ത് നിന്നും പൊലീസിനെ പൂർണമായി ഒഴിവാക്കി സ്റ്റാഫ് ഗേറ്റ് പൂട്ടിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പതിനെട്ടാം പടിയിൽ ഡ്യൂട്ടി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്നത്തെ പൊലീസ് സ്പെഷ്യൽ ഓഫീസർ പിൻവലിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തുടർന്ന് പൊലീസിന്റെയും ദേവസ്വത്തിന്റെയും ഉന്നതർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
സമാന തലത്തിലേക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളും കടന്നുപോകുന്നതെന്നാണ് സൂചന. യുവതീ പ്രവേശന വിഷയങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ കുറവാണ് ഉണ്ടായത്. ഇക്കുറി സർക്കാരും ദേവസ്വം ബോർഡും നിലപാട് മാറ്റിയതോടെ സന്നിധാനത്തേക്ക് വൻ ഭക്തജന പ്രവാഹമാണ്. എന്നാൽ ശബരിമലയുടെ സുരക്ഷയും ഭക്തരുടെ നിയന്ത്രണവും സാദ്ധ്യമാക്കി തീർത്ഥാടനം സുഗമമാക്കേണ്ട പൊലീസും ദേവസ്വവും പരസ്പരം കൊമ്പുകോർക്കുന്നത് തീർത്ഥാടനത്തെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോപാനത്ത് സ്പെഷ്യൽ ദർശനം നടത്താൻ എത്തുന്നവരുടെ തിരക്കാണ്.
കഴിഞ്ഞദിവസം ഭക്തരെ നിയന്ത്രിക്കുന്നതിനിടെ പിടിച്ചു മാറ്റിയ കൂട്ടത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിനെയും പിടിച്ചുമാറ്റിയതാണ് ഒരു ദേവസ്വം ഗാർഡിനെതിരെ തിരിയാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോഴുയരുന്ന ആരോപണം. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ സോപാനത്തുവച്ച് എക്സ് സർവീസ് ഗാർഡിനെ പൊലീസ് പിടിച്ചുതള്ളുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിർത്ത സുരക്ഷാ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തതോടെ ദേവസ്വം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു. സംഭവം വിവാദമായതോടെ ദേവസ്വം എക്സി. ഓഫീസർ, അസി. എക്സി. ഓഫീസർ, സോപാനം സ്പെഷ്യൽ ഓഫീസർ എന്നിവർ ദേവസ്വം ഗാർഡിനെയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നിലെത്തി ക്ഷമ ചോദിപ്പിച്ചിരുന്നു. എന്നാൽ ഇയാളെ ശബരിമലയിൽ നിന്ന് പറഞ്ഞ് അയയ്ക്കണമെന്ന നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥൻ സ്വീകരിച്ചത്. തുടർന്ന് ഡ്യൂട്ടിയിൽ നിന്ന് പ്രസ്തുത ഗാർഡിനെ രണ്ട് ദിവസത്തേക്ക് മാറ്റി നിറുത്തുകയും ചെയ്തിരുന്നു.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരല്ല: ദേവസ്വം പ്രസിഡന്റ്
ശബരിമലയിൽ ജോലി നോക്കുന്ന ദേവസ്വം ജീവനക്കാരിൽ ആരും തന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു 'ഫ്ലാഷി'നോട് പറഞ്ഞു. പൊലീസിന് അത്തരത്തിൽ എന്തെങ്കിലും വിവരം ലഭ്യമാണെങ്കിൽ അറിയിക്കേണ്ടത് ദേവസ്വം ബോർഡിനെയാണ്. അത്തരത്തിലുള്ള ഒരു വിവരവും പൊലീസ് ലഭ്യമാക്കിയിട്ടില്ല. സംഭവം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ തന്നെ ബോർഡ് അന്വേഷിച്ചു. വാർത്ത ശരിയല്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.