railway

ആലുവ: അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ എണ്ണം പെരുകുകയും, ഇവർക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയും ചെയ്തതതോടെ നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും വ‌ർദ്ധന. സാധാരണയിലും അധികം ആളുകളാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. പലരും തിരിച്ച് വരുമെന്ന് പറയുന്നുണ്ടെങ്കിലും വിശ്വസിക്കാവുന്ന സാഹചര്യമല്ലെന്നാണ് കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കുന്നവരുടെ കരാറുകാരായി പ്രവർത്തിക്കുന്നവർ പറയുന്നത്. അതേസമയം, ഇവർക്കൊപ്പം മാന്യമായി ജോലി ചെയ്യുന്നവർ കൂടി മടങ്ങിയാൽ കേരളത്തിന്റെ നിർമ്മാണ മേഖലകൾ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. ഇക്കാര്യത്തിൽ പൊലീസും നാട്ടുകാരും ജാഗ്രതയോടെ പെരുമാറണമെന്നാണ് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉടമകൾ പറയുന്നത്.

പെരുമ്പാവൂരിൽ മാത്രം അന്യസംസ്ഥാന തൊഴിലാളികൾ രണ്ട് യുവതികളെ സമാനമായ സാഹചര്യത്തിൽ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം വ്യാപകമായത്. സംസ്ഥാനത്തേക്ക് ഏറ്റവും അധികം അന്യസംസ്ഥാന തൊഴിലാളികൾ വന്നിറങ്ങുന്നത് ആലുവ റെയിൽവേ സ്റ്റേഷനിലാണ്. അതിനാൽ ഇവിടെ മടങ്ങിപ്പോകുന്നവരുടെയും വലിയ തിരക്കാണിപ്പോൾ. ആലുവയിലൂടെ കടന്ന് പോകുന്ന ദീർഘദൂര ട്രെയിനുകളിൽ എ.സി കമ്പാർട്ട്‌മെന്റ് ഒഴികെ എല്ലാ കോച്ചുകളിലും വൻ തിരക്ക് കാരണം സാധാരണ യാത്രക്കാരും ദുരിതത്തിലാവുകയാണ്.

ഇന്നലെ എത്തിയ പ്രതിവാര ട്രെയിനായ തിരുവനന്തപുരം സിൽച്ചർ എക്സ് പ്രസ് (12515) മൂന്നാമത്തെ പ്ലാറ്റ്‌ഫോമിൽ കൂടുതൽ സമയം കിടന്ന ശേഷമാണ് പോകാനായത്. ജനറൽ കമ്പാർട്ട്മെന്റ് നിറഞ്ഞതിനാൽ പലർക്കും കയറാനായില്ല. ബാക്കിയുള്ളവർ വലിയ ലഗേജുകളുമായി റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ കയറാൻ ശ്രമിച്ചത് തർക്കത്തിടയാക്കി. ബംഗാൾ, ആസാം സംസ്ഥാനങ്ങളിലേക്ക് പോകാനുള്ളവർ ആശ്രയിക്കുന്ന ട്രെയിൻ ആണിത്. സ്ലീപ്പർ കോച്ചുകൾ പലതും ജനറൽ കോച്ചുകൾ പോലെ നിറഞ്ഞാണ് പുറപ്പെട്ടത്. കൂടുതൽ കമ്പാർട്ട്‌മെന്റുകൾ ഏർപ്പെടുത്താനോ പ്രത്യേക ട്രെയിനുകൾ അനുവദിക്കാനോ റെയിൽവേ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.