1

പൂവാർ: അന്നം തേടി കടലിൽ പോയവരെ ഓഖി കവർന്നെടുത്തിട്ട് രണ്ട് വർഷം തികയുന്നു. ഓഖിയിൽ അകപ്പെട്ട് ജീവൻ പൊലിഞ്ഞവരുടെ നൂറു കണക്കിന് കുടുംബങ്ങളെയാണ് ഇന്നും ദുരിതം വേട്ടയാടുന്നത്. ഉറ്റവർ പ്രതീക്ഷകളെല്ലാം അസ്തമിച്ചെങ്കലും എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന കാത്തിരിപ്പിലാണ് പല കുടുംബങ്ങളും. 2017നവംബർ 29ന് ഓഖി ആഞ്ഞ് വീശിയപ്പോൾ തീരത്തിന് നഷ്ടമായത് 36 ജീവനുകൾ. അന്നേ ദിവസം വിഴിഞ്ഞത്തു നിന്നും മറ്റും മത്സ്യബന്ധനത്തിന് പോയ അന്യ നാട്ടുകാരായ 60 ഓളം പേരുടെ ജീവനും കടലെടുത്തു. ഓഖി നൂറോളം പേരുടെ ജീവനപഹരിക്കുകയും തീരദേശ വാസികളുടെ അന്നുവരെയുള്ള ഉപജീവനോപാധികൾ താറുമാറാകുകയും ചെയ്തു. ഈ സാഹചര്യങ്ങളെ അധിജീവിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്നും പടപൊരുതുകയാണ്. ഓഖി യുടെ നാളുകളിൽ ഞങ്ങൾ ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച സർക്കാരോ ഇതര ഏജൻസികളോ പ്രമുഖ വെക്തികളോ പിന്നെയീ തീരം കണ്ടിട്ടില്ലെന്ന് തീരദേശവാസികൾ പറയുന്നു. ഓഖി ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ പലതും അവർക്കിന്നും ലഭ്യമായിട്ടുമില്ല.

കരകയറാതെ കുടുംബം

സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷത്തിൽ 5 ലക്ഷം ഇൻഷ്വറൻസ് തുകയാണ്. പലർക്കും മരണ സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുന്നതിനാലും ഇൻഷ്വറൻസ് അടവ് മുടങ്ങിയതിനാലും 5 ലക്ഷം ഇതുവരെയും കിട്ടിയിട്ടില്ല. ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തവരുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ഇങ്ങനെ തുടരുമ്പോഴും, മത്സ്യത്തൊഴിലാളികൾ പുതിയ പ്രതിസന്ധികളെ അതിജീവിക്കാൻ പണിപ്പെടുകയാണ്. തീരത്ത് ഇപ്പോൾ തൊഴിലില്ലായ്മയും ക്ഷാമവും അനുദിനം പടർന്നുപിടിക്കുകയാണ്. ഓഖി സമ്മാനിച്ച ദുരിതത്തെക്കാൾ ഭീതിജനകമാണ് ഇന്നത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതാവസ്ഥ.

അടിമലത്തുറ ക്രിസ്തുദാസ്, പൂവാർ തീരം ചർച്ചാവേദി