നവാഗതനായ വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിലെ നായിക ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. എല്ലാദിവസം തല നനയ്ക്കാത്തതാണ് തന്റെ മുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് പുതുമുഖ നടി കൂടിയായ ഗോപിക അനിലിന്റെ വെളിപ്പെടുത്തൽ. ഒരു ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നവാഗതരായ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗോപിക അനിലാണ് നായികയായി എത്തുന്നത്. ആഴ്ചയിൽ രണ്ട് പ്രാവശ്യമാണ് തല നനയ്ക്കാറുളളത്. ഒരു ദിവസം ഓയിൽ മസാജും ചെയ്യും. ദിവസേന തല നനയ്ക്കുന്നത് മുടിക്ക് പ്രശ്‌നമാണെന്നുള്ള കേട്ടറിവാണ് ആഴ്ചയിൽ രണ്ട് ദിവസമാക്കി മാറ്റിയത്.
മോഡലിംഗ് രംഗത്ത് നിന്നാണ് ഗോപിക സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും അഭിനയവും മോഡലും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്. 2013ൽ മിസ് മലബാറിലെ ഫോട്ടോജെനിക് ടൈറ്റിൽ വിജയിയാണ് ഗോപിക അനിൽ. പിന്നീട് മോഡലിംഗ് രംഗത്തേക്ക് എത്തുകയായിരുന്നു. എന്നാൽ, ഇപ്പോൾ മോഡലിൽ റാമ്പ് വാക്കിന് ഗോപികയ്ക്ക് അത്ര താത്പര്യം പോര. അതിനൊരു കാരണവും ഗോപിക പറയുന്നുണ്ട്. നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് താനെന്നും ആഹാരത്തോട് നോ പറയാൻ സാധിക്കില്ലെന്നുമാണ് താരത്തിന്റെ മറുപടി.
ടൂർണമെന്റ്, ഫ്രൈഡെ, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ മനേഷ് കൃഷ്ണയാണ് ചിത്രത്തിലെ നായകൻ. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലർത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. സലിംകുമാർ, ഇന്നസെന്റ്, ഇർഷാദ്, നിയാസ് ബക്കർ, ഇടവേള ബാബു, അഞ്ജലി നായർ, വിഷ്ണു നമ്പ്യാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പി.കെ അശോകനാണ് ചിത്രം നിർമ്മിക്കുന്നത്. മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങൽ ഇസ്മായിലുമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 6 ന് തിയേറ്ററുകളിൽ എത്തും.