editorial-

ഹെൽമറ്റ് പരിശോധനയിൽ പൊലീസ് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് പുതിയൊരു സർക്കുലർ കൂടി ഇറക്കിയിരിക്കുകയാണ്. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുനിന്ന് ഇതിനകം എത്രയെത്ര സർക്കുലറുകൾ പുറത്തുവന്നിട്ടുണ്ടെന്ന് പൊലീസിനു പോലും നിശ്ചയം കാണില്ല.

അത്രയധികം നിർദ്ദേശങ്ങളാണ് ഓരോ തവണയും പുറത്തുവന്നിട്ടുള്ളത്. പരിശോധനയ്‌ക്കിടെ പൊലീസുകാർ റോഡിനു കുറുകെ നിന്ന് വാഹനങ്ങൾ തടയാൻ ശ്രമിച്ചതിനിടയിൽ അനവധി അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനം ഓടിച്ചുവരുന്നവർ മാത്രമല്ല പൊലീസുകാർക്കും ഈ സാഹസത്തിനിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്. വാഹനപരിശോധന മാന്യമായ രീതിയിലാകണമെന്നും അതിരുവിടരുതെന്നും പലകുറി താഴെത്തലങ്ങളിലേക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് നിർദ്ദേശം പോയിട്ടുള്ളതാണ്. പൊലീസ് മേധാവിയുടെ സർക്കുലറുകൾ കൂടാതെ ഹൈക്കോടതിയും പലതവണ പ്രശ്നത്തിൽ ഇടപെട്ടിട്ടുള്ളതാണ്. ഇരുചക്ര വാഹനയാത്രക്കാർ ഹെൽമറ്റ് ധരിച്ചിട്ടില്ലെങ്കിൽ പോലും ഓടിച്ചിട്ടു പിടികൂടാൻ ശ്രമിക്കരുതെന്ന് കർക്കശഭാഷയിൽ ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശമുണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. ഇതിനെത്തുടർന്നും ഡി.ജി.പി ഒരു സർക്കുലർ കൂടി ഇറക്കി. നിരത്തുകളിലെ ഗതാഗത നിയമലംഘനങ്ങൾ കർക്കശമായി തടയപ്പെടേണ്ടതാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. നിയമലംഘനങ്ങൾക്കുള്ള പിഴ പല മടങ്ങായി വർദ്ധിപ്പിച്ചതിനുശേഷവും പലരും നിയമം അനുസരിക്കാൻ കൂട്ടാക്കാതെ നിയമ വ്യവസ്ഥയെത്തന്നെ വെല്ലുവിളിക്കുന്നുമുണ്ട്. ഇത്തരക്കാരോട് ദാക്ഷിണ്യം കാണിക്കേണ്ട ആവശ്യവുമില്ല. അതേസമയം വാഹന പരിശോധന ഒരുമാതിരി നിയമ ലംഘനം പോലെയായി പൊലീസ് മാറ്റിയെടുത്തതിനെതിരെ ജനങ്ങളിൽ നിന്നുയരുന്ന വൻ പ്രതിഷേധത്തിനു നേരെ പൊലീസ് മേധാവികൾ കണ്ണടയ്‌ക്കുകയാണു ചെയ്യുന്നത്. പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ വിവരിച്ചുകൊണ്ട് സർക്കുലർ ഇറക്കി തങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിക്കുന്നതല്ലാതെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വല്ലപ്പോഴുമെങ്കിലും ഉറപ്പാക്കുന്നില്ല. ഡി.ജി.പിയുടെ സർക്കുലറായിട്ടും അതിന് അച്ചടിച്ച കടലാസിന്റെ വില പോലും കല്പിക്കാൻ പൊലീസുകാർ തയ്യാറാകാത്തതു എന്തുകൊണ്ടാണെന്ന് ഒരിക്കലെങ്കിലും പൊലീസ് മേധാവി അന്വേഷിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പൊലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ ഒരു ശങ്കയുമില്ലാതെ കാറ്റിൽ പറത്തണമെങ്കിൽ ആ സർക്കുലറിന് അത്രയും വിലയേ റോഡിൽ വാഹന പരിശോധനയ്ക്കിറങ്ങുന്ന പൊലീസുകാർ കല്പിച്ചിട്ടുള്ളൂ എന്നല്ലേ അർത്ഥമാക്കേണ്ടത്. നിറുത്താതെ പോകുന്ന ഇരുചക്ര വാഹനങ്ങൾ പിന്തുടർന്നു പിടികൂടാൻ ശ്രമിക്കരുതെന്നും വളവിലും തിരിവിലും പതുങ്ങിനിന്ന് വാഹനങ്ങൾ തടഞ്ഞു പരിശോധിക്കരുതെന്നും പരിശോധനാ നടപടി പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണമെന്നും ഒരാളോടും മര്യാദ വിട്ടു പെരുമാറരുതെന്നും നിർദ്ദേശിക്കുന്ന എത്രയോ സർക്കുലറുകളാണ് പൊലീസ് ആസ്ഥാനത്തുനിന്ന് പോയിട്ടുള്ളത്. എല്ലാ ദിവസവും വാഹന പരിശോധനയ്ക്കായി ഇറങ്ങുന്ന പൊലീസ് സംഘങ്ങൾ ഇവയിൽ ഏതെങ്കിലും നിർദ്ദേശം പാലിക്കാറുണ്ടോ എന്ന് ചുമതലപ്പെട്ട മേലുദ്യോഗസ്ഥർ ഉറപ്പാക്കാറില്ല. അതുകൊണ്ടാണ് വാഹന പരിശോധന പലയിടത്തും ജനരോഷം ക്ഷണിച്ചു വരുത്തുന്നത്. പരിശോധക സംഘത്തെ കാണുന്ന മാത്രയിൽ യുവാക്കൾ വെട്ടിച്ച് പായാൻ ശ്രമിക്കുന്നു. ആ സാഹസത്തിനിടയിൽ ചിലപ്പോൾ അപകടത്തിൽ ചെന്നു ചാടുകയും ചെയ്യുന്നു.

ഒരു വിഷയത്തിൽ അനേകം തവണ കീഴ്ഘടകങ്ങൾക്ക് മാർഗനിർദ്ദേശം നൽകേണ്ടിവരുന്നത് പൊലീസ് സംവിധാനത്തിന്റെ ഏറ്റവും വലിയ പരാജയമായേ കാണാനാവൂ. നിർദ്ദേശങ്ങൾ അനുസരിപ്പിക്കാനുള്ള പൊലീസ് മേധാവിയുടെ കഴിവുകേടാണത്. എന്തുകൊണ്ടാണ് കീഴ് ഘടകങ്ങൾ പൊലീസ് ആസ്ഥാനത്തുനിന്നിറങ്ങുന്ന ഇതുപോലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുന്നതെന്ന് വീണ്ടും വീണ്ടും അത് ആവർത്തിക്കേണ്ടിവരുമ്പോഴെങ്കിലും അന്വേഷിക്കേണ്ടതല്ലേ? സർക്കുലർ ഇറക്കുന്നവർക്കു മടുപ്പു തോന്നുന്നില്ലെങ്കിലും കൂടക്കൂടെ അതു വായിക്കേണ്ടിവരുന്ന പൊതുജനങ്ങൾക്കു വല്ലാതെ മടുക്കുന്നുണ്ട്. നിരത്തുകളിലെ സ്ഥിരം നിയമലംഘകരാകട്ടെ പരിഹാസത്തോടെയാകും ഇത് കാണുന്നത്.

ദിവസേന നിരവധി പേർ വാഹനാപകടങ്ങളിൽ മരണമടയുന്ന സംസ്ഥാനത്ത് ഗതാഗത നിയമങ്ങൾ കർക്കശമായിത്തന്നെ പാലിക്കേണ്ടതാണ്. അതിന്റെ ഭാഗമായി നടത്തുന്ന വാഹന പരിശോധന പൊലീസുകാർ നടത്തുന്ന നിയമലംഘനമായി മാറാതിരിക്കണം. സൗഹാർദ്ദവും സംസ്കാരവും നിറഞ്ഞ പെരുമാറ്റമാകണം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. നിയമലംഘകരെ നിയമമനുസരിച്ച് തന്നെ നേരിടാമെന്നിരിക്കെ റോഡിൽ പൊലീസ് മുറ പുറത്തെടുക്കേണ്ട ഒരു കാര്യവുമില്ല. പൊലീസായാൽ ഇങ്ങനെ വേണം എന്ന തെറ്റായ ചിന്ത കടന്നുകൂടിയിട്ടുള്ളതുകൊണ്ടാണ് ക്രിമിനലുകളോടെന്നപോലെ വാഹന യാത്രക്കാരെയും നേരിടുന്നത്. വിദേശരാജ്യങ്ങളിൽ കൂടക്കൂടെ യാത്ര പോകുന്ന ഉന്നത പൊലീസ് ഓഫീസർമാർ അവിടങ്ങളിലെ രീതികളൊക്കെ കണ്ടിട്ടുണ്ടായിരിക്കുമല്ലോ. ആഴ്ചയിൽ ഒരു സർക്കുലർ ഇറക്കാതെ തന്നെ ഇവിടെയും വാഹന പരിശോധന നടത്തി ഗതാഗത നിയമലംഘനങ്ങൾ പരമാവധി കുറയ്ക്കാൻ കഴിയില്ലേ എന്ന് കൂട്ടായി ചിന്തിക്കണം.