ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മുഴുവൻ കുട്ടികളും പ്ലാസ്റ്റിക് ഒഴിവാക്കി പകരം സ്റ്റീൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കൂടാതെ പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകളും ഫൗണ്ടൻ പേനകളും ഉപയോഗിക്കാനും അവർ തീരുമാനിച്ചു. ഇതോടെ അവനവഞ്ചേരി ഹൈസ്കൂളിൽ നിന്നും പ്ലാസ്റ്റിക് ഔട്ടായി. സമ്പൂർണ സ്റ്റീൽ വാട്ടർ ബോട്ടിൽ ഉപയോഗിക്കുന്ന സ്കൂൾ എന്ന പദവിയിലേക്ക് സ്കൂൾ എത്തിയിരിക്കുകയാണ്. കുറേ വർഷങ്ങളായി പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു വരികയാണ് അവനവഞ്ചേരി സ്കൂളിലെ കുട്ടികൾ. ഹരിതചട്ടം നടപ്പിലാക്കുന്നതിൽ സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റേതുൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വമിഷനും ആറ്റിങ്ങൽ നഗരസഭയും ചേർന്ന് നടപ്പിലാക്കുന്ന കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയിലൂടെ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിർമ്മാർജനം ചെയ്യുന്ന രീതി വിജയകരമായി സ്കൂൾ നടപ്പിലാക്കി വരുന്നു. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.