കിളിമാനൂർ: ഒരു വ്യാഴവട്ടകാലത്തിലേറെയായി സ്വന്തം കെട്ടിടം ഇല്ലാതെ ബുദ്ധിമുട്ടിയ പുലരി അംഗൻവാടിക്ക് സ്വന്തം കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി അടയമണിലെ വായനശാലയിൽ ഒരു കുടുസുമുറിയിലാണ് പുലരി അംഗൻവാടി പ്രവർത്തിച്ചിരുന്നത്. അംഗൻവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതേ തുടർന്ന് അടയമൺ കൊണ്ടൂർ വീട്ടിൽ ഷൈൻ വിലയ്ക്കു വാങ്ങിയ വസ്തുവിൽ നിന്നും 4 സെന്റ് ഭൂമി അംഗൻവാടിക്കായി സൗജന്യമായി വിട്ടു നൽകുകയും സ്വന്തം ചെലവിൽ അംഗൻവാടിയിലേക്ക് റോഡ് നിർമ്മിച്ച് നൽകുകയും ചെയ്തു. 1.85 ലക്ഷം രൂപ ചെലവിട്ടാണ് വസ്തു വാങ്ങി റോഡ് നിർമ്മിച്ച് നൽകിയത്. പിന്നോക്ക അവസ്ഥയിലുള്ള നാട്ടിൻ പുറത്ത് ഭൂമി ലഭ്യമായതോടെ പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവിട്ട് കെട്ടിടം നിർമ്മിക്കുന്നതിന് നടപടിയായി. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രസന്ന, ലാലി എന്നിവർ പങ്കെടുത്തു.