ആറ്റിങ്ങൽ: പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ നടക്കുന്ന റോഡുപണികൾ നീളുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ ചെയർമാൻ എം. പ്രദീപ് രംഗത്തെത്തിയതോടെ പ്രശ്നങ്ങൾക്ക് മറ്റൊരു മാനം കൈവന്നിരിക്കുകയാണ്.
അയിലംറോഡിന്റെ നിർമ്മാണം തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞു. കിഴക്കേനാലുമുക്കു മുതൽ കിടുത്തട്ടുമുക്കുവരെയുളള 2.5 കിലോമീറ്ററാണ് പുനർനിർമ്മിക്കുന്നത്. റോഡ് ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിട്ടശേഷം പണികൾ നടന്നിട്ടില്ല. മഴകാരണമാണ് പണിനടക്കാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇതിനിടയിൽ റോഡിൽ മെറ്റലും പാറപ്പൊടിയും നിരത്തി. ഇതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിയായി.
ജനങ്ങൾ ദുരിതത്തിലായതോടെ പൊതുമരാമത്തുവകുപ്പ് ഓഫീസിൽ വിവിധസംഘടനകൾ ധർണ നടത്തി നോക്കി. എൻജിനിയറെ തടഞ്ഞുവച്ചു. എന്നിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല.പാലസ് റോഡിൽ 150 മീറ്റർ സ്ഥലത്ത് ഓട നിർമ്മിക്കാൻ മൂന്നുമാസത്തിലധികം സമയമെടുത്തു. ഓട നിർമ്മിക്കാനായി റോഡിന്റെ വശം വെട്ടിക്കുഴിച്ചിട്ട് പണികൾ നിറുത്തി വയ്ക്കുകയായിരുന്നു. കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് അധികൃതർ പണികൾ പൂർത്തിയാക്കിയത്. അവശേഷിക്കുന്ന ജോലികൾ തുടങ്ങാൻ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
അയിലം റോഡിന്റെ നിർമ്മാണഘട്ടത്തിൽ വാട്ടർ അതോറിട്ടി പൈപ്പ്‌ലൈൻ സ്ഥാപിച്ചതും വിവാദമായിരുന്നു. വകുപ്പുകൾ തമ്മിൽ തർക്കമുള്ളതായും പറയപ്പെടുന്നു.