കല്ലറ: വായിച്ചും, ചിത്രങ്ങളിൽ കണ്ടും മാത്രം പരിചയമുള്ള തെയ്യം രൂപങ്ങൾ തങ്ങളുടെ മുന്നിൽ എത്തിയപ്പോൾ കുട്ടികൾക്ക് ആഹ്ലാദവും അദ്ഭുതവും. പാങ്ങോട് കെ.പി.യു.പി.എസിലെ കുട്ടികൾക്കായിരുന്നു തെയ്യം രൂപങ്ങൾ കാണാൻ ആഗ്രഹം. വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പ്രദേശവാസികളായ അനിൽ വെഞ്ഞാറമൂട്, പുലിപ്പാറ ബിജു, ഷെരീഫ് പാങ്ങോട് എന്നി കലാകാരൻമാരെ സന്ദർശിച്ചതോടെയാണ് ക്ഷേത്ര കലാരൂപങ്ങൾ നേരിൽ കാണണമെന്ന് വിദ്യാർത്ഥികൾ ആഗ്രഹം പ്രകടിപ്പിച്ചത്. നാടക രചയിതാവും സംവിധായകനും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ഷെരീഫ് വിദ്യാലയങ്ങളിൽ പഴയ കാല കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നതിന് ഭാരതീയ വിദ്യാഭവൻ പ്രവർത്തകരെ ബന്ധപ്പെടുകയും അവർ സന്തോഷത്തോടെ ആവശ്യം അംഗീകരിക്കുകയും ആയിരുന്നു. തെയ്യം കലാകാരൻ രാജേഷിന്റെ നേതൃത്വത്തിൽ പ്രതിഭകളോടൊപ്പം സ്കൂളിൽ എത്തിയ സംഘം പീലിക്കാവടി, ഭഗവതി തെയ്യം, എന്നീ കലാരൂപങ്ങളെ പരിചയപ്പെടുത്തി.വിവ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡന്റ് ഗീത ജോൺ, ഡയറക്ടർ എസ്.എൻ. സുധീർ, സ്കൂൾ പ്രഥമാദ്ധ്യാപകൻ എ.എം. അൻസാരി, ആർ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.