hollyhorn

ലണ്ടൻ: ഒരു സാധാരണ പെണ്ണ്, കഷ്ടിച്ച് കഴിഞ്ഞുപോകാനുള്ള വരുമാനം മാത്രം. ഒരു മൈം(മൂകാഭിനയം) കലാകാരിക്ക് ഇതിലപ്പുറം എന്തുകിട്ടാൻ. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതമാകെ മാറി. ഇന്ന് ലക്ഷങ്ങളാണ് വരുമാനം. ലോകം മുഴുവൻ ആരാധകർ, കാവലായി അംഗരക്ഷകർ, സഞ്ചരിക്കാൻ ആഡംബര കാർ, താമസിക്കാൻ വലിയ വീട്...ഇംഗ്ലണ്ടിലെ ഗ്വെൺസി സ്വദേശിയായ ഇരുപത്തിമൂന്നുകാരി ഹോളി ഹോണാണ് അപ്രതീക്ഷിതമായി വൻ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയത്. മൈമിലുള്ള തന്റെ കഴിവ് പ്രയോജനപ്പെടുത്തി ടിക്ടോക്കിൽ കിടിലൻ വി‍ഡിയോകൾ ചെയ്തതോടെയാണ് സ്വപ്നംപോലും കാണാത്ത ഉയരങ്ങളിൽ ഹോളി എത്തിയത്.

വീഡിയോകൾ വൈറലായതോടെ സോഷ്യൽ മീഡിയകളിൽ ഹോളിയുടെ സ്വാധീനം വർദ്ധിച്ചു. ഇതാണ് ഹോളിയുടെ ഭാവി ശോഭനമാക്കിയത്. സോഷ്യൽമീഡിയയിൽ സെലിബ്രിട്ടി ആയതോടെ ഓൺലൈൻ മാർക്കറ്റിംഗിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കമ്പനികൾ സമീപിച്ചു തുടങ്ങി.

ഹോളിയുടെ ആരാധകരിൽ 80 ശതമാനത്തിലധികവും സ്ത്രീകളാണ്. ഇവരെ ലക്ഷ്യമിട്ടുള്ള മേക്കപ്പ്, ഫാഷൻ വസ്തുക്കളുടെ പ്രൊമോഷനുകളായിരുന്നു കൂടുതലും. ആദ്യം ചെറിയ ബ്രാൻഡുകളായിരുന്നു ഹോളിയെ സമീപച്ചതെങ്കിൽ അധികം വൈകാതെ സ്ഥിതിയാകെ മാറി. വലിയ ബ്രാൻഡുകൾ ഹോളിയുടെ പിന്നാലെ ചെന്നു. അതോടെ വരുമാനവും കൂടി.

ഒരുനോക്ക് കാണാനും തൊടാനും ഒപ്പംനിന്ന് ചിത്രങ്ങളെടുക്കാനും ആരാധകർ മത്സരിച്ചതോടെ അംഗരക്ഷകർ ഇല്ലാതെ പറ്റില്ലെന്നായി. അപ്പോഴാണ് താമസസ്ഥലം പ്രശ്നമായത്. പെട്ടെന്ന് ചിത്രീകരണത്തിന് എത്താനും ബിസിനസ് ആവശ്യത്തിന് കമ്പനികളുമായി ബന്ധപ്പെടാനും ലണ്ടനു സമീപത്തേക്കു താമസം മാറി. ഇതിനായി എസ്റ്റേറ്റും വലിയൊരു വീടും വാങ്ങി.തന്റെ ബിസിനസ് കാര്യമായി വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഇപ്പോൾ. കഷ്ടപ്പെട്ട് സമ്പാദിച്ച് പണം ഉപയോഗിച്ച് ബിസിനസ് രംഗത്തേക്കിറങ്ങാനും ആലോചിക്കുന്നുണ്ട്.

പേരും പ്രശസ്തിയും പണവും വർദ്ധിച്ചെങ്കിലും ഹോളിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കുട്ടികൾക്ക് പോലും കാണാനാവുന്ന കാര്യങ്ങൾ മാത്രമേ വീഡിയോയിൽ ഉൾപ്പെടുത്താറുള്ളൂ. ശരീരഭാഷയിൽ രൂപഭംഗിയിലും വസ്ത്രധാരണത്തിലും വളരെ ശ്രദ്ധ ചെലുത്താറുണ്ട്. എത്രപണം തരാമെന്ന് പറഞ്ഞാലും ഇതിൽ നിന്ന് വ്യതിചലിക്കില്ലെന്നാണ് ഹോളി പറയുന്നത്.

ഒാരോദിവസം വ്യക്തമായ പ്ളാനിംഗോടെയാണ് ഹോളി കാര്യങ്ങൾ ചെയ്യുന്നത്. എപ്പോഴും മേക്കപ്പുചെയ്ത് സെറ്റപ്പായി നിൽക്കും. മേക്കപ്പിനായി മാത്രം മണിക്കൂറുകളാണ് ചെലവിടുന്നത്. പെട്ടെന്ന് ഷൂട്ടിംഗ് വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരെ വിഷമിപ്പിക്കേണ്ടല്ലേ എന്നാണ് ഹോളി ഇതിന് കാരണമായി പറയുന്നത്. മേക്കപ്പിന്റെ കാര്യത്തിൽ മാത്രമല്ല വീടിന്റെ ചുമരുകൾ, കർട്ടൺ, വെളിച്ച സംവിധാനങ്ങൾ എന്നിവയിലും ശ്രദ്ധിച്ചിട്ടുണ്ട്. വിഡിയോയുടെ ഗുണമേന്മ ഉറപ്പു വരുത്താനാണ് ഇത്.