തിരുവനന്തപുരം : ജല അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ വെള്ളയമ്പലം ജലഭവനിലേക്ക് ജീവനക്കാർ ഇന്ന് ലോംഗ് മാർച്ച് നടത്തുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. റിജിത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 കോടി രൂപ മുടക്കി സ്ഥാപിച്ച കുപ്പിവെള്ള ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മാർച്ച് കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയിൽ ഉദ്ഘാടനം ചെയ്യേണ്ട പ്ലാന്റ് ആറു മാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. സ്വകാര്യ കുപ്പിവെള്ള ലോബിയാണ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. പ്രസിഡന്റ് വി. വിനോദ്, കെ. അനിൽകുമാർ, പി.എസ് .ഷാജി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.