കിളിമാനൂർ: കിളിമാനൂർ ടൗണിനോട് ചേർന്ന് സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന ഇരട്ടച്ചിറ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. നിത്യവും ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ് മൃതപ്രായരായി ആശുപത്രി കിടക്കകളിൽ ശരണം പ്രാപിച്ചവരും ഏറെയാണ്.
മഞ്ഞപ്പാറയിലേക്കും, കുന്നുമ്മലിലേക്കും എളുപ്പമാർഗമായ രണ്ട് റോഡുകൾ ഇരട്ടച്ചിറ ജംഗ്ഷനിലാണ് സന്ധിക്കുന്നത്. ഇരു റോഡുകളും കുത്തനെയുള്ള ഇറക്കം ഇറങ്ങിയാണ് ഇരട്ടച്ചിറയിൽ എത്തുന്നത്. ഇരു റോഡുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾ റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ കണ്ണൊന്ന് ചിമ്മിയാൽ അപകടം ഉറപ്പാണ്. ഇട റോഡുകളിൽ നിന്ന് മെയിൻ റോഡിലേക്കിറങ്ങുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടാകുന്നത്.ഓവർ ടേക്കിംഗ് പാടില്ലെന്നതിന് മഞ്ഞ വരകൾ രേഖപ്പെടുത്തിയിട്ടുണ്ടങ്കിലും ഇതൊന്നും ഡ്രൈവർമാർ ശ്രദ്ധിക്കാറേയില്ല. മഞ്ഞ വരകൾ കട്ട് ചെയ്താണ് ഒരേ സമയം ഒന്നിലേറെ വാഹനങ്ങൾ മറു പാതയിലൂടെ പോലും ഓവർ ടേക്ക് ചെയ്യുന്നത്. ഇരട്ടച്ചിറ ജംഗ്ഷന് സമീപത്തായി കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സീബ്രാ ലൈൻ വരച്ചിട്ടുണ്ട്. തൊട്ടടുത്തായി അകലെ നിന്ന് വാഹനങ്ങളുടെ കാഴ്ച മറച്ചുകൊണ്ട് വളവിൽ കാട്ട് ചെടികൾ വളർന്നു നിൽക്കുന്നു. വയോജനങ്ങളും കുട്ടികളും ഒക്കെ സീബ്രാ ലൈനിന്റെ ബലത്തിൽ റോഡ് മുറിച്ച് കടന്നാൽ അപകടം ഉറപ്പാണ്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്തുള്ള വളവിൽ കുന്നിനോട് ചേർന്നാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.