പാലോട്: സ്വകാര്യ വസ്തുവിൽ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് നിൽക്കുന്ന ഉണങ്ങിയ മരം സ്കൂൾ കുട്ടികൾക്കും പരിസര വാസികൾക്കും ഭീക്ഷണിയാകുന്നു. മലപ്പുറം ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന യാത്രക്കാർക്കും കൊല്ലായിൽ എൽ.പി സ്കൂളിലേക്കും കൊല്ലായിൽ എസ്.എൻ.യു.പി സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾക്കും ഒരുപോലെ പേടി സ്വപ്നമാണ് ഈ ഉണങ്ങിയ മരം. നാട്ടുകാർ അധികാരികൾക്ക് പരാതി നൽകിയെങ്കിലും വസ്തുവിന്റെ ഉടമസ്ഥൻ പരാതി നൽകിയാൽ മാത്രമേ ഉണങ്ങിയ മരം മുറിച്ചു മാറ്റാൻ കഴിയുകയുള്ളു എന്ന ന്യായമാണ് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അടിയന്തരമായി മരം മുറിച്ചു മാറ്റിയില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.