ആറ്റിങ്ങൽ: ജന്നി വന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ രക്ഷിതാക്കൾ വരുന്നത് വരെ പാചകപ്പുരയിൽ കിടത്തിയതായി പരാതി. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ഒാടെയാണ് സംഭവം. രക്ഷാകർത്താക്കളെത്തി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജന്നി വന്നതിനെ തുടർന്ന് അവശയായ ആറ്റിങ്ങൽ സ്വദേശിയായ വിദ്യാർത്ഥിനിയെ രക്ഷിതാക്കൾ വരുന്നത് വരെ പാചകപ്പുരയിൽ കിടത്തിയിരുന്നുവെന്നാണ് ആരോപണം. വിവരം പുറത്തറിഞ്ഞതോടെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നേതാക്കൾ പ്രതിഷേധവുമായി സ്കൂളിലെത്തിയത് സംഘർഷത്തിനിടയാക്കി. വയനാട്ടിൽ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായിട്ടും ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കാത്തത് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. റിഹാസ്, കിരൺ കൊല്ലമ്പുഴ, ആർ.എസ്. പ്രശാന്ത്, പ്രിൻസ് രാജ്, നടയറ നൈസാം, നാവായിക്കുളം മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. രക്ഷിതാക്കൾക്കൊപ്പം അദ്ധ്യാപകരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു.
മരുന്നുമായി എത്താമെന്ന് രക്ഷിതാക്കൾ പറഞ്ഞു : അദ്ധ്യാപകർസംഭവ നടന്ന സമയത്ത് തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചെന്നും സ്ഥിരം കഴിക്കുന്ന മരുന്നുമായി അവർ എത്തിയതിന് ശേഷം മാത്രം ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്ന് പറഞ്ഞതിനാലാണ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാതിരുന്നതെന്നും അദ്ധ്യാപകർ പറഞ്ഞു.