മുടപുരം: വേതനം 600 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 250 ആക്കുക, സമഗ്രമായ പെൻഷൻ പദ്ധതി ആരംഭിക്കുക, വേതന കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 10ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർത്ഥം യൂണിയന്റെ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥ ഇന്നും നാളെയും ആറ്റിങ്ങൽ ഏരിയയിൽ പര്യടനം നടത്തും. യൂണിയൻ ജില്ലാ ട്രഷറർ അഡ്വക്കേറ്റ് മടവൂർ അനിൽ നേതൃത്വം നൽകുന്ന ജാഥ ഇന്ന് രാവിലെ 9.45 ന് മുദാക്കലിലെ വാളക്കാട്ടു നിന്ന് ആരംഭിച്ച് കടയ്ക്കാവൂർ പഞ്ചായത്തിലെ മണനാക്കിൽ നാളെ അവസാനിക്കും. കെ.എം.ലാജി, ജി.വിജയകുമാർ, എസ്.പ്രവീൺ ചന്ദ്ര, ആർ.സരിത, റീന, തങ്കമണി, പി.ജി.മധു, മരുതൂർ വിജയൻ എന്നിവർ നേതൃത്വം നൽകും.