വർക്കല: കടലെടുക്കുന്നവരെ വീണ്ടും ജീവിതത്തിലേക്ക് കരകയറ്റുന്ന പാപനാശത്തെ ലൈഫ് ഗാർഡുകൾക്ക് പറയാൻ പരാതികളേറെ. കടലിലിറങ്ങുന്നവർക്കായി കരയിൽ കാവലിരിക്കുന്ന ഇവർ പലപ്പോഴും സ്വന്തം ജീവൻപോലും പണയം വച്ചാണ് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നത്. ചിലക്കൂർ മുതൽ ഓടയം വരെ ആറ് കിലോമീറ്രർ തീരത്ത് വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളടക്കമുള്ളവർ തിരയിലും ചുഴിയിലും പെടുന്നത് പതിവാണ്. അപകട മേഖലയെക്കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും സാഹസികരായ സഞ്ചാരികൾ അത് മുഖവിലയ്ക്കെടുക്കാറില്ല. അതുകൊണ്ട് അപകടങ്ങൾക്ക് ഇവിടെ കുറവും ഇല്ല. സീസൺ ആരംഭിച്ച ആദ്യഘട്ടത്തിൽ തന്നെ തിരച്ചുഴിയിൽ അകപ്പെട്ട നിരവധിപേരെയാണ് ഇവർ രക്ഷിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
2007 മുതൽ 2014 വരെ 20 ലൈഫ് ഗാർഡുകളും 2 സൂപ്പർവൈസർമാരുമുൾപ്പെടെ 22 പേരാണ് ഡ്യൂട്ടി നോക്കിവന്നത്. ഇപ്പോൾ 15 ലൈഫ് ഗാർഡുകളും രണ്ട് സൂപ്പർവൈസർമാരുമുൾപ്പെടെ 17 പേരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുളളത്.
നൂറു കണക്കിന് വിനോദസഞ്ചാരികൾ വന്നെത്തുന്ന പാപനാശത്ത് കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യവും ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുന്നതു കൊണ്ട് മാത്രം ഇവരുടെ ജോലി കഴിയുന്നില്ല. സ്വന്തം ചെലവിൽ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യവും പലപ്പോഴും ഉണ്ടാകാറുണ്ട്. ആംബുലൻസ് സൗകര്യം പാപനാശത്ത് സ്ഥിരമായി അനുവദിക്കുന്നതിനുള്ള ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. രക്ഷാപ്രവർത്തനത്തിനായി സ്പീഡ് ബോട്ട് അനുവദിക്കുന്നതിനും സർക്കാർ തലത്തിൽ നടപടിയില്ല. ജീവൻരക്ഷാ പ്രവർത്തനം നടത്തുന്ന തങ്ങളുടെ ജോലിയെങ്കിലും സ്ഥിരപ്പെടുത്താൻസർക്കാർ കനിയണമന്നാണ് ഇവരുടെ അപേക്ഷ.