padmanabha-swamy-temple

തിരുവനന്തപുരം: മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപദ്മനാഭസ്വാമിയുടെ നാമത്തിൽ 'ശ്രീപദ്മനാഭം' പുരസ്‌കാരം ഇക്കൊല്ലം മുതൽ നൽകും. ഗുരുവായൂർ ദേവസ്വത്തിലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരത്തിന് സമാനമായി കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഇക്കൊല്ലം വേദശാസ്ത്ര രംഗത്തെ മികവിന് നൽകും.
ക്ഷേത്രത്തിൽ ജനുവരി 2 മുതൽ 5 വരെ ദേശീയ വേദ സമ്മേളനം പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ നടക്കും. ഓരോ ദിവസവും ഋക്, യജുർ, സാമം, അഥർവ വേദങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതർ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി എക്‌സിക്യൂട്ടിവ് ആഫീസർ വി. രതീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വരും കൊല്ലങ്ങളിൽ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ദേശീയ നൃത്തസംഗീതമേള, വേദസമ്മേളനം എന്നിവ നടക്കും. ശ്രീപദ്മനാഭം പുരസ്‌കാര സമർപ്പണവും ഈ വേദിയിൽ നടത്തും.
മുറജപത്തിൽ ആചാരലംഘനം ഉണ്ടായെന്ന ആരോപണം ക്ഷേത്ര അധികൃതർ നിഷേധിച്ചു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയും മറ്റ് വൈദികരെയും നാളെ തിരുനാവായയിൽ പോയി ക്ഷണിക്കുമെന്ന് വി. രതീശൻ അറിയിച്ചു. സാധാരണ രാജാവാണ് ഇവരെ ക്ഷണിക്കാറുള്ളത്. മതിലകം ഓഫീസിൽ നിന്ന് നേരത്തേ കത്തയച്ചിരുന്നു. മുറജപത്തിന്റെ അവസാനമുറയിലാണ് ഇവർ എത്താറുള്ളത്. ഇക്കുറിയും അതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.