sucheekaranam

വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ മുതൽ മണലി വരെ നിറഞ്ഞു കിടന്ന മാലിന്യങ്ങൾ വനപാലകരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മണലി മേഖലയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്താറുള്ളത്. പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവ സംഘങ്ങൾ മണലിയുടെ സൗന്ദര്യം നുകരുവാനും എത്തുന്നുണ്ട്. ഇക്കൂട്ടർവൻതോതിൽ മാലിന്യം ഇവിടെ നിക്ഷേപിക്കാറുണ്ട്. മാലിന്യനിക്ഷേപത്തിനെതിരെ ആദിവാസികൾ അനവധി തവണ പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല വാമനപരും നദിയിൽ മാലിന്യം വലിച്ചെറിഞ്ഞ് കുടിവെള്ളത്തെ മലിനപ്പെടുത്താറുണ്ട്. ഇതുകൂടാതെ മദ്യപസംഘങ്ങൾ കുപ്പികളും മറ്റും നദിയിൽ എറിഞ്ഞു പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. മണലി ആനപ്പാറ മേഖലയിലെ മാലിന്യ പ്രശ്നത്തെ കുറിച്ച് കേരളകൗമുദി അനവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളവനം വന്യജീവി വകുപ്പിന്റെ പാലോട് റേഞ്ചിന് കീഴിലുള്ള കല്ലാർ ഫോറസ്റ്റ് സെക്ഷന്റെ നേതൃത്വത്തിൽ ഗ്രീൻ ഹൗസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ആനപ്പാറ യുവധാരാ ആർട്സ് ആൻഡ് സ്പേപാർട്സ് ക്ലബ്, ആനപ്പാറ മഹാത്മാ സാംസ്കാരികവേദി, ആനപ്പാറ ജി.എസ്. ബ്രദേഴ്സ്, മണലി ദേവിചൈതന്യാക്ലബ്, മണലി റോയൽ ക്ലബ്, പൊൻമുടി, മണലി വനസംരക്ഷണസമിതി എന്നീ സംഘടനകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഒാഫീസർ ഷാജി മേൽനോട്ടം വഹിച്ചു. ബോധവത്കരണവും സംഘടിപ്പിച്ചു. ഗ്രീൻ ഹൗസ് പദ്ധതിയുടെ ഭാഗമായി തുടർന്നും മാലിന്യ നിർമ്മാർജനപ്രവർത്തനങ്ങൾ നടത്തുമെന്ന് വനപാലകർ അറിയിച്ചു.