തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന്റെ സമാപനദിവസമായ ജനുവരി 15നുള്ള ലക്ഷദീപം തൊഴാൻ കൂടുതൽ സൗകര്യമൊരുക്കും. ഇതിനായി വിവിധ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിനുള്ള യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ചേരുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടിവ് ആഫീസർ വി. രതീശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ഷേത്രത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 30,000 പേർക്ക് ദർശനത്തിന് പ്രവേശനസൗകര്യം പ്രത്യേക പാസ് മൂലം ക്രമീകരിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന ശീവേലിക്ക് മുമ്പും ശീവേലി സമയത്തും ശ്രീകോവിലിൽ തൊഴാൻ നടകളിൽ ക്യൂ ഏർപ്പെടുത്തും. ശീവേലിച്ചടങ്ങുകൾ ഭക്തർക്ക് കാണുന്നതിന് 10 സ്ഥലങ്ങളിൽ തത്സമയ വീഡിയോ പ്രദർശിപ്പിക്കും. ക്ഷേത്രത്തിലെ ദീപദർശനം എല്ലാവർക്കും കാണാൻ കഴിയാത്തതിനാൽ പുറത്ത് നിലവിലുള്ള ദീപസംവിധാനം മെച്ചപ്പെടുത്തും.
കിഴക്കേനടയിലെ പടിക്കെട്ടുകളിലെ വൈദ്യുത ദീപങ്ങൾ ദൃശ്യമാകും വിധമുള്ള താഴ്ന്ന വേദികൾ ഉയർത്തും. തിരക്ക് നിയന്ത്രിക്കാൻ പദ്മതീർത്ഥക്കരയിൽ കസേരകൾ നിരത്തും. ഇവിടെയും വീഡിയോ സൗകര്യമൊരുക്കും.
വരുന്ന തിങ്കളാഴ്ച മുതൽ വടക്കേനടയിലും വൈകിട്ട് അഞ്ചിന് നൃത്തസംഗീതമേള അരങ്ങേറും. ദേശീയ നൃത്തമേളയിൽ പങ്കെടുക്കാൻ പ്രസിദ്ധ കലാകാരന്മാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുറജപത്തിലും മേളയിലും കലാപരിപാടികളിലും ജനങ്ങളുടെ പങ്കാളിത്തം വർദ്ധിച്ചതായി വി. രതീശൻ അറിയിച്ചു. ഭരണസമിതി അംഗം എസ്. വിജയകുമാർ, ഉദ്യോഗസ്ഥരായ ഉദയഭാനു കണ്ടേത്ത്, ബി. ശ്രീകുമാർ, ബബിലു ശങ്കർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.