ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐ.ടി.ഐയിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചെറുന്നിയൂർ സ്വദേശി ജീവൻ (20), ചാവർകോട് സ്വദേശി സെയ്ദാലി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് അറിയുന്നു. പഠിപ്പുമുടക്കിന്റെ ഭാഗമായി കെ.എസ്.യു ദേശീയപാതയിലൂടെ നടത്തിയ പ്രകടനത്തിനു നേരെ മറുവിഭാഗം വിദ്യാർത്ഥികൾ നടത്തിയ ആക്രമണമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഇതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അരമണിക്കൂറിനു ശേഷം ഇരുവിഭാഗങ്ങളിൽ നിന്നുമായി 20 വിദ്യാർത്ഥികൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണിച്ചു. എന്നാൽ ഇവർക്ക് സാരമായ പരിക്കുകൾ ഇല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തതായി ആറ്റിങ്ങൽ എസ്.ഐ സനൂജ് പറഞ്ഞു.