വെള്ളറട: വർഷങ്ങൾക്കു മുൻമ്പ് കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച നെയ്യാറ്റിൻകര വെള്ളറട റോഡും പൂർണ്ണമായും തകർന്ന നിലയിലാണ്. പല ഭാഗങ്ങളിലും യഥാസമയം റോഡുകൾ നന്നാക്കാത്തതിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചു. ലക്ഷകണക്കിനു രൂപ വാഹന ഉടമകളിൽ നിന്നും റോഡ് ടാക്സായി ഓരോവർഷവും പിരിച്ചെടുക്കുമ്പോഴും റോഡുകളിലൂടെയുള്ള യാത്ര സുഖമമാക്കാൻ നടപടി എടുക്കുന്നില്ല. ദിനം പ്രതി ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം പരിഗണിക്ക പ്പെടുന്നില്ല. ഇതിനു പുറമെ റോഡുകൾ തകർന്നതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. അപകടങ്ങളിൽ മനുഷ്യജീവൻ രക്ഷിക്കണമെങ്കിൽ റോഡുകളിൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ നടപടി ഉണ്ടാകണം. വെള്ളറട- ആനപ്പാറ റോഡിൽ ഗ്രാമീണബാങ്കിനു സമീപം വൻ വെള്ളക്കെട്ട് രൂപപ്പെടുന്നതുകാരണം കുഴിഭാഗത്ത് താമസിക്കുന്ന നാലു കുടുംബങ്ങൾ അപകട ഭീഷണി നേരിടുകയാണ്. റോഡിലെ ഓടകൾ അടഞ്ഞിട്ട് നാളുകൾ ഏറെയായി. ഓട അടിയന്തിരമായി നിർമിച്ചാൽ മാത്രമേ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളു.

കാരക്കോണത്തും പനച്ചമൂട്ടിലും വെള്ളറടയിലും ഉണ്ടൻകോടും അടുത്തിടെ അറ്റകുറ്റപ്പണികൾ ചെയ്തെങ്കിലും മാസങ്ങൾ കഴിയും മുൻപ് തന്നെ വീണ്ടും തകർന്നു തരിപ്പണമായി. മറ്റുള്ള ഭാഗങ്ങളിൽ പണികൾ നടന്നില്ല. യഥാ സമയം വേണ്ടവിധം അറ്റകുറ്റപ്പണികൾ ചെയ്യാത്തതുകാരണം പല സ്ഥങ്ങളിലും മരണ കുഴികളാണ് രൂപപ്പെട്ടു. കടുക്കറ - ആനപ്പാറ- നെടുമങ്ങാട് റോഡും പൂർണ്ണമായും പലഭാഗങ്ങളിൽ തകർന്നനിലയിലാണ്. കടുക്കറയിലും ആനപ്പാറയിലും റോഡുകളിൽ വൻഗർത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്.