വർക്കല: ചിലക്കൂർ ആലിയിറക്ക് കടപ്പുറത്ത് ചത്ത തിമിംഗിലം തീരത്തടിഞ്ഞു. ഇന്നലെ പുലർച്ചെയാണ് മത്സ്യത്തൊഴിലാളികൾ തിമിംഗിലത്തെ കണ്ടത്. 12 അടി നീളവും 1500 കിലോയോളം തൂക്കവുമുള്ള തിമിംഗിലത്തിന്റെ ജഡത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. തിമിംഗിലത്തിന്റെ വായ വിണ്ടുകീറി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. വർക്കല നഗരസഭ ആരോഗ്യ വിഭാഗവും ഫയർഫോഴ്സും സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് തീരത്തിന് സമീപം കുഴിയെടുത്ത് ജഡം മറവ് ചെയ്തു.