നെടുമങ്ങാട്: പൊതുവിദ്യാലയങ്ങളുടെ ഇല്ലായ്മക്കഥകൾക്ക് നടുവിൽ വേറിട്ട ചരിത്രമാവുകയാണ് നെടുമങ്ങാട് നഗരസഭയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂളും. ഹൈടെക് സ്മാർട്ട് ക്ലാസ് റൂമുകൾ, മൾട്ടി മീഡിയ തിയേറ്റർ സമുച്ചയം, കളിക്കളം, കോൺഫറൻസ് ഹാൾ, ലൈബ്രറി, റീഡിംഗ് റൂം, ലാബുകൾ, ടാലന്റ് ലാബുകൾ, ലാംഗ്വേജ് ലാബുകൾ തുടങ്ങി അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ സർക്കാർ പള്ളിക്കൂടങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത്. താലൂക്കിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ ജൂണിൽ മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്ലോർ ലെവലിംഗും സെപ്ടിക് ടാങ്ക് മെയിന്റനൻസുമാണ് അവശേഷിക്കുന്നത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മുഖ്യമന്ത്രി തന്നെ ഹൈടെക് മന്ദിരം ഉദ്‌ഘാടനം ചെയ്യും.
സി. ദിവാകരൻ എം.എൽ.എ മുൻകൈയെടുത്ത് 12 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയത്. ക്ലാസ് മുറികളെല്ലാം ടൈൽ പാകി മനോഹരമാക്കി. മുറ്റം തറയോടിട്ടു സുരക്ഷിതമാക്കി.
പൂവത്തൂർ സ്‌കൂളിൽ മുൻ എം.എൽ.എ പാലോട് രവിയുടെ ആസ്തിവികസന ഫണ്ടും നഗരസഭ ഫണ്ടും വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികളോട് കൂടിയ ബഹുനില മന്ദിരം നിർമ്മിച്ചത്. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതികളായ കൈറ്റും വാപ്‌കോസും ചേർന്ന് തയാറാക്കിയ രൂപരേഖ പ്രകാരമാണ് സ്‌കൂൾ സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഗേൾസ് സ്‌കൂളിന് കിഫ്ബിയിൽ നിന്നു 5 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ചു. ഏഴ് കോടി രൂപ ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ്മയിലാണ് സ്വരൂപിച്ചത്. പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിലാകെ ശ്രദ്ധേയമായ മികവ് പുലർത്തുന്ന വിദ്യാലയങ്ങളാണ് ഗേൾസും പൂവത്തൂരും.