fastag-
fastag kerala road ,

തിരുവനന്തപുരം: ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്ന സർക്കാർ സംവിധാനം 15 ന് നിലവിൽ വരുന്നതിനു മുന്നോടിയായി മുഴുവൻ വാഹന ഉടമകളും ഒരാഴ്ചക്കകം ഫാസ്ടാഗ് എടുക്കേണ്ടിവരും. സംസ്ഥാനത്ത് എറണാകുളം പൊന്നാരിമംഗലം, കുമ്പളം, തൃശ്ശൂർ പാലിയേക്കര, പാലക്കാട് പാമ്പാംകുളം എന്നീ നാല് ടോൾ ബൂത്തുകളിലാണ് 15 ന് ഫാസ്ടാഗ് നിലവിൽ വരിക.

എന്ത്?

ദേശീയപാതകളിലോ അതിവേഗപാതകളിലോ വാഹനങ്ങളിൽ സഞ്ചരിക്കണമെങ്കിൽ നൽകുന്ന ടോൾ ചാർജ് പണമായി നൽകാതെ ഡിജിറ്റലായി നൽകാനുള്ള സംവിധാനം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ പോലെ ഒരുവശത്ത് കാർഡ് ഉടമയുടെ പേരും വണ്ടി നമ്പറും മറുവശത്ത് റേഡിയോ ഫ്രീക്വൻസി ബാർ കോഡും ഉണ്ടാകും

എങ്ങനെ?

 വാഹന നമ്പർ പ്ളേറ്റിന്റെ ഫോട്ടോ, ആർ.സി. ബുക്ക്, തിരിച്ചറിയൽ കാർഡ്, പാൻകാർഡ് എന്നിവയുടെ പക‌ർപ്പുകൾ എന്നിവ നൽകിയാണ് ഫാസ്ടാഗ് എടുക്കേണ്ടത്.

 ഇൗ രേഖകളുമായി അക്കൗണ്ടുള്ള ബാങ്കുകളിലോ ടോൾ പ്ളാസയിലോ അക്ഷയകേന്ദ്രങ്ങളിലോ നിന്ന് ഫാസ്ടാഗ് വാങ്ങാം

 ഒാൺലൈനായും വാങ്ങാം. 500 രൂപയാണ് രജിസ്റ്റർ ചെയ്യുമ്പോൾ നൽകേണ്ടത്.

 അക്ഷയകേന്ദ്രങ്ങളിലാണെങ്കിൽ തുക പണമായി നൽകിയോ ടോൾ പ്ളാസകളിൽ എ.ടി.എം കാർഡ് ഉപയോഗിച്ചോ ഫാസ്ടാഗ് വാങ്ങാം. 500 രൂപയിൽ 100 രൂപ ഫാസ്ടാഗ് വിലയാണ്. 200 രൂപ തിരികെ ലഭിക്കാവുന്ന ഡെപ്പോസിറ്റ് ആയിരിക്കും. ഫാസ്ടാഗ് ഉപേക്ഷിക്കുമ്പോൾ ഇത് അക്കൗണ്ടിലേക്ക് തിരിച്ചെത്തും.

 ബാക്കി 200 രൂപയാണ് ടോൾ പ്ളാസകളിൽ നൽകാൻ ശേഷിക്കുക. ഇതിൽ 100 രൂപയിൽ കുറവാണെങ്കിൽ ചിലപ്പോൾ ടോൾ ബൂത്തുകളിൽ എടുക്കാനാവില്ല. അതുകൊണ്ട് 100 രൂപയിൽ കൂടുതൽ ഫാസ്ടാഗിൽ സൂക്ഷിച്ചിരിക്കുന്നത് നല്ലതാണ്.

 യാത്രയ്ക്കു മുമ്പ് ബാങ്കുകളിലൂടെയോ ഒാൺലൈൻ ആയോ ഫാസ്ടാഗിൽ പണം നിക്ഷേപിക്കാം. ഫാസ്ടാഗിൽ നിക്ഷേപിക്കുന്ന പണം ടോൾ പ്ളാസയിലൂടെയല്ലാതെ പിൻവലിക്കാനാവില്ല. അതുകൊണ്ട് ടോൾ നൽകേണ്ടിവരുന്ന റോഡിലൂടെ യാത്ര ചെയ്യുന്ന അവസരങ്ങളിൽ മാത്രം ഫാസ്ടാഗിൽ റീചാർജ് ചെയ്യുന്നതാണ് നല്ലത്.

 രജിസ്റ്റർ ചെയ്ത് പണമടച്ചാൽ കൊറിയർ ആയി ഫാസ്ടാഗ് കാർഡ് കിട്ടും. എ.ടി.എം കാർഡ് മാതൃകയിൽ, ഒരു വശത്ത് റേഡിയോഫ്രീക്വൻസി കോഡ് ഉള്ളതാണ് കാർഡ്. ഇത് വാഹന ഉടമയുടെ മൊബൈൽ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരിക്കും. കാർഡിൽ നിന്ന് പണം ടോളായി സ്വീകരിച്ചാൽ മൊബൈൽ ഫോണിൽ എസ്. എം.എസ് സന്ദേശം ലഭിക്കും.

 ഫാസ്ടാഗിൽ വാഹനത്തിന്റെ ഷാസി നമ്പർ ചേർക്കുന്നതിനാൽ ഒരു ഫാസ്ഗാട് ഒന്നിലധികം വാഹനങ്ങൾക്ക് ഉപയോഗിക്കാനാവില്ല.

ഒട്ടിക്കൂ

ഫാസ്ടാഗ് കാർഡ് വാഹനത്തിന്റെ മുൻഗ്ളാസിൽ, വാനിറ്റി മിററിനു മുന്നിലായി പുറത്തുനിന്ന് കാണാവുന്ന വിധം ഒട്ടിക്കണം. വാഹനം ടോൾ ബൂത്തിൽ എത്തുമ്പോൾ ഇൗ കാർഡ് ഓട്ടോമാറ്റിക് ആയി സ്കാൻ ചെയ്യപ്പെട്ട് ടോൾ ചാർജ് ഇൗടാക്കും.

ഗുണം

ടോൾ ബൂത്തുകളിൽ കാത്തുകിടക്കാതെ കടന്നുപോകാം

കെണി

 ഡിസംബർ 15 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതോടെ ഇതില്ലാതെ ടോൾ ബൂത്ത് വഴി കടന്നു പോകാനാവില്ല.

 ഒന്നിലേറെ വാഹനങ്ങളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം ഫാസ്ടാഗ് വേണം.