തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ആഭ്യന്തര പരിശോധന (പെർഫോമൻസ് ഓഡിറ്റ്) നിറുത്തലാക്കുന്നു.
മൂന്ന് മാസത്തിലൊരിക്കലും ആറ് മാസത്തിലൊരിക്കലും ഇത്തരം പരിശോധന നടത്തി തിരുത്തലുകൾ നിർദ്ദേശിക്കുന്ന സംവിധാനം ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 1997ൽ നായനാർ സർക്കാർ ആരംഭിച്ചതാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം കൈവരുമ്പോൾ തദ്ദേശ ജനപ്രതിനിധികളുടെ ഉത്തരവാദിത്വബോധവും കൂട്ടുകയായിരുന്നു ലക്ഷ്യം. . അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കൽഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റുകൾക്ക് പലപ്പോഴും മാർഗ്ഗനിർദ്ദേശമായിത്തീരുന്നതും ഈ പരിശോധനയായിരുന്നു.
ഓഡിറ്റുകളുടെ ബാഹുല്യം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നതും പല ജില്ലകളിലും ഓഡിറ്റിംഗ് ഫലപ്രദമാകുന്നില്ലെന്ന പരാതികളുയരുന്നതുമാണ് ആഭ്യന്തര പരിശോധന നിറുത്തുന്നതിന് കാരണമായി പറയുന്നത്. അതേ സമയം, സംസ്ഥാനം രൂക്ഷമായ സാമ്പത്തികപ് രതിസന്ധി നേരിടവെ, തസ്തികകളുടെ എണ്ണം ഇതുവഴി കുറയ്ക്കാനാവുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ ,തദ്ദേശസ്ഥാപനങ്ങളിലെ 502 തസ്തികകൾ ഇല്ലാതാക്കാൻ ജീവനക്കാരുടെ സംഘടനകളുമായി ആലോചിക്കാതെ സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.
നവംബർ 27ന് ധനകാര്യ, തദ്ദേശഭരണ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പെർഫോമൻസ് ഓഡിറ്റ് നിറുത്തലാക്കാൻ ധാരണയിലെത്തിയത്. അക്കൗണ്ടന്റ് ജനറലിന്റെയും ലോക്കൽഫണ്ട് വിഭാഗത്തിന്റെയും ഓഡിറ്റിംഗ് ഓൺലൈൻ രീതിയിലേക്ക് മാറുമ്പോൾ മാന്വൽ രീതിയിലുള്ള ഓഡിറ്റിംഗ് കാലഹരണപ്പെട്ടതാവുമെന്നാണ് വാദം. .തദ്ദേശസ്വയംഭരണം പൊതുസർവ്വീസായി മാറുന്നതോടെ പ്രത്യേക പരിശോധനാസംവിധാനമടക്കം വരുമെന്നും സർക്കാർകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര പരിശോധന
തദ്ദേശസ്ഥാപനങ്ങളുടെ വികസന, സാമൂഹ്യക്ഷേമ പ്രവൃത്തികളും അവയുടെ സാമ്പത്തികവും ഭരണപരവുമായ വശങ്ങളും പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കുക
പോരായ്മകൾ തിരുത്തുന്നതിന് നിർദ്ദേശം നൽകുക.
അക്കൗണ്ടുകളുടെയും രേഖകളുടെയും സൂക്ഷമപരിശോധന
നികുതിപിരിവിലെ കാര്യക്ഷമത, മരാമത്ത് പ്രവൃത്തികൾ എന്നിവ വിലയിരുത്തൽ
മുനിസിപ്പാലിറ്റികളിലെ ഭരണനിയന്ത്രണത്തിലുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടുക
നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകുക.
'മതിയായ പഠനം നടത്താതെയാണ് തദ്ദേശസ്ഥാപനങ്ങളിലെ തിരുത്തൽശക്തിയായി പ്രവർത്തിക്കുന്ന ആഭ്യന്തര പെർഫോമൻസ് ഓഡിറ്റ് നിറുത്തുന്നത്. തദ്ദേശവകുപ്പിനെ ഒറ്റ സർവ്വീസാക്കുന്നതിന്റെ മറവിലാണ് സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായുള്ള നീക്കം. തദ്ദേശവകുപ്പ് സർക്കാരിന്റെ നേരിട്ടുള്ള സർവ്വീസാകുന്നതോടെ ധൂർത്തും പാഴ്ചെലവുമെല്ലാം മറച്ചുപിടിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കിഫ്ബി ഓഡിറ്റിംഗ് എ.ജിയിൽ നിന്ന് മറച്ചുവച്ചത് പോലെയാണിതും '.
-ചവറ ജയകുമാർ,
എൻ.ജി.ഒ അസോസിയേഷൻ
സംസ്ഥാന പ്രസിഡന്റ്.