കിളിമാനൂർ: പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ചിത്രങ്ങൾക്ക് നിറക്കൂട്ടേകാൻ സാംസ്കാരിക വകുപ്പ് രംഗത്തെത്തി. രാജാ രവിവർമ്മയുടെ സ്മരണ നിലനിറുത്താൻ തുടങ്ങി വച്ച പദ്ധതികളൊന്നും പൂർത്തിയാക്കാൻ മാറി മാറി വന്ന സർക്കാരുകൾക്കൊന്നും കഴിയുന്നില്ലെന്നും കൊട്ടാരവും, ആർട്ട് ഗ്യാലറിയും പുനർജന്മം കാത്ത് കഴിയുകയാണെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി ഇക്കഴിഞ്ഞ സെപ്തംബർ 23 ന് " അവഗണനയിൽ ചാലിച്ച ചിത്രം " എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു. ഇത് ബി.സത്യൻ എം.എൽ.എ സാംസ്കാരിക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്ന് രാജാ രവിവർമ്മയുടെ സ്മരണ എക്കാലവും നിലനിറുത്തുന്ന തരത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കിളിമാനൂരിൽ ആധുനിക രീതിയിൽ ഒരു കോടി രൂപ ചെലവിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു.
നിർമ്മിക്കുന്നത്
രവിവർമ്മ സാംസ്കാരിക നിലയത്തിൽ ഒരു കലാഗ്രാമം. ഇതിൽ സ്റ്റുഡിയോ കോംപ്ലക്സ്, ആർട്ടിസ്റ്റ് റസിഡന്റ്സ് പ്രോഗ്രാം.
കലാക്ഷേത്രം - കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും ഇവിടെ താമസിച്ച് കലകൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യാം
ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ
കൊട്ടാരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി രവിവർമ്മയുടെ പേരിൽ സ്ഥിതി ചെയ്യുന്ന രണ്ട് സ്കൂളുകൾക്ക് സമീപം പഞ്ചായത്ത് നൽകിയ രണ്ടരയേക്കർ ഭൂമിയിൽ ലളിതകലാ അക്കാഡമി സാംസ്കാരിക നിലയം സ്ഥാപിച്ചു
2001 ൽ ചിത്രകലയിൽ സമഗ്ര സംഭാവന നൽകുന്നവർക്കായി രവിവർമ്മ പുരസ്കാരം സർക്കാർ ഏർപ്പെടുത്തി. കേരളത്തിൽ ചിത്രകാരൻമാർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
എം.എ.ബേബി സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ കൊട്ടാര ഉടമസ്ഥാവകാശം രാജകുടുംബാംഗങ്ങൾക്കും, സംരക്ഷണം ആർക്കിയോളജിക്കൽ വകുപ്പിനും നൽകി.
കൊട്ടാര നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് ആർക്കിയോളജിക്കൽ വകുപ്പിന്റെ നേതൃത്വത്തിൽ