നെടുമങ്ങാട്: വിവിധ കാരണങ്ങളാൽ യഥാസമയം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് സീനിയോറിട്ടിയോടു കൂടി പുതുക്കി നൽകാനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ജനുവരി 31വരെ നേരിട്ടോ, ഓൺലൈൻ മുഖേനെയോ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. 1998 ഒക്ടോബർ മുതൽ യഥാസമയം പുതുക്കാത്തവർക്കും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്‌ മുഖേനയോ അല്ലാതെയോ സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. നന്ദിയോട്, പാങ്ങോട്, പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ഉദ്യോഗാർത്ഥികൾ പാലോട് ട്രൈബൽ എക്സ്ചേഞ്ചിലാണ് അപേക്ഷ നൽകേണ്ടതെന്ന് പാലോട് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.