ബാലരാമപുരം: കളഞ്ഞെന്ന് കരുതിയ നാലരപ്പവന്റെ മാല വഴിയാത്രക്കാരന്റെ സുമനസാൽ തിരികെ ലഭിച്ചപ്പോൾ ഉടമയ്ക്ക് അത് സ്വപ്ന തുല്യ നിമിഷമായി മാറി. അവണാകുഴി മേലേതട്ട് കുഞ്ചുവീട്ടിൽ ബേബി രാജഗോപാലിനാണ് മാല നഷ്ടമായത്.അത് കിട്ടിയതാകട്ടെ നെയ്ത്ത് തൊഴിലാളിയായ ആന്റണിക്കും. മാരായമുട്ടം കല്ലുതാന്നി സ്വദേശിയാണ് ആന്റണി. കൈത്തറിനൂൽ വാങ്ങാൻ ബാലരാമപുരം ചിത്ര ടെക്സ്റ്റൈൽസിന് സമീപത്തെ നൂൽക്കടയിൽ എത്തിയതായിരുന്നു ഇയാൾ. ബാലരാമപുരം ചിത്ര ഹോൾസെയിൽ ഡിപ്പോയ്ക്ക് സമീപത്തു നിന്നാണ് ആന്റണിക്ക് മാല കളഞ്ഞു കിട്ടിയത്. തട്ടാനെ കണ്ട് മടങ്ങവെ ഇതേ ഇടവഴിയിൽ വച്ചാണ് അവണാകുഴി സ്വദേശിയായ ബേബി രാജഗോപാലിന്റെ പഴ്സിൽ നിന്നു സ്വർണമാല നഷ്ടമാകുന്നത്. മാല ലഭിച്ച ഉടൻതന്നെ ആന്റണി അത് ബാലരാമപുരം പൊലീസ് സ്റ്റേഷന് കീഴിൽ ജംഗ്ഷനിലെ എയിഡ് പോസ്റ്റിന് കൈമാറി. ബാലരാമപുരം സി.ഐ ജി.ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അവണാകുഴി സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നാണ് മാല നഷ്ടമായതെന്ന് കണ്ടെത്തുകയും തുടർന്ന് ആന്റണിയെയും ബേബി രാജഗോപാലിനെയും അവണാകുഴി വാർഡ് മെമ്പർ വസന്തയെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ആന്റണി തന്നെ സി.ഐയുടെ സാന്നിദ്ധ്യത്തിൽ ബേബിക്ക് മാല കൈമാറി. എസ്.ഐമാരായ വിനോദ്കുമാർ, തങ്കരാജ്, ശശികുമാർ, റോജി എന്നിവരും ഒപ്പമുണ്ടായിരുന്നു.