anathalavattom-anandan

തിരുവനന്തപുരം : മന്ത്രിപദം അലങ്കാരമായി കൊണ്ടുനടന്നാൽ പോരാ, ഭരിക്കാൻ അറിയണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റപ്പെടുത്തിക്കൊണ്ട് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ.

ഭരണം നടക്കുന്നുണ്ടെന്ന് തൊഴിലാളികളെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്താൻ കഴിയണം. കെ.എസ്.ആർ.ടി.സി മാത്രമല്ലേയുള്ളൂ, വലിയ ജോലിയോന്നും ഇല്ലല്ലോയെന്നും ആനത്തലവട്ടം വിമർശിച്ചു. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആനത്തലവട്ടം ആനന്ദൻ മന്ത്രി ശശീന്ദ്രനെ രൂക്ഷമായി വിമർശിച്ചത്.

സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നത് ശരിയാണ്.

പക്ഷേ, കെ.എസ്.ആർ.ടിസിക്ക് മാത്രം അത് ബാധകമാകുന്നത് എങ്ങനെയാണ്. മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ലാഭനഷ്ടം നോക്കിയിട്ടാണോ ശമ്പളവും പെൻഷനും നൽകുന്നത്. എത്രകോടിയാണ് ഓരോ വകുപ്പുകൾക്കായി ചെലവഴിക്കുന്നത്. എല്ലാ വകുപ്പുകൾക്കും ശമ്പളം കൊടുക്കുകയും ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് മാത്രം നൽകാതിരിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാകില്ല.

പ്രൊഫ.സുശീൽഖന്നയുടെ പല നിർദ്ദേശങ്ങളോടും എതിർപ്പുണ്ടായിരുന്നിട്ടും അത് നടപ്പിലാക്കുന്നതിന് വഴങ്ങിയത് സ്ഥാപനം രക്ഷപ്പെടട്ടെ എന്ന് കരുതിയാണ്. സ്ഥാപനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത് ജീവനക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ വി.ശിവൻകുട്ടി, സി.ജയൻബാബു, സി.കെ. ഹരികൃഷ്ണൻ, വി. ശാന്തകുമാർ, കെ.എസ്.സുനിൽകുമാർ, പി.ഗോപാലകൃഷ്ണൻ, സുജിത് സോമൻ തുടങ്ങിയവർ സംസാരിച്ചു.